Entertainment
In Harihar Nagar

ഇന്‍ ഹരിഹര്‍ നഗര്‍ ലൊക്കേഷന്‍ വീഡിയോ

Entertainment

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം; ആ സൂപ്പര്‍ഹിറ്റ് ഗാനം ചിത്രീകരിച്ചത് ഇങ്ങനെ,വീഡിയോ

Web Desk
|
12 Aug 2023 2:04 AM GMT

സിനിമ പോലെ വളരെ ഫണ്ണിയായിട്ടുള്ള സെറ്റായിരുന്നു ഇന്‍ ഹരിഹര്‍ നഗറിന്‍റേതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്

എത്ര കണ്ടാലും മടുക്കാത്ത ഒരു പിടി ചിത്രങ്ങള്‍, അതില്‍ ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍, പാട്ടുകള്‍ പോലും ഒരിക്കലും മറവിയിലേക്ക് മായില്ല...സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം മലയാളിക്ക് ഒരു നിധിയാണ്...പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞപ്പോഴും ഇരുവരും ഒറ്റക്ക് സംവിധാനം ചെയ്തപ്പോഴും മികച്ച ചിത്രങ്ങള്‍ തന്നെയാണ് സമ്മാനിച്ചത്. സിദ്ദിഖ്-ലാല്‍ ഒരുക്കിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തെ എങ്ങനെ മറക്കാനാണ്. മലയാളിയുടെ നൊസ്റ്റാള്‍ജിയയില്‍ ഈ സിനിമ ഇങ്ങനെ ചിരിപ്പിച്ച് രസിപ്പിച്ച് തിളങ്ങി നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഇപ്പോഴും മലയാളി മൂളി നടക്കുന്നുണ്ട്. അതിലൊന്നായിരുന്നു 'ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം' എന്ന പാട്ട്. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ത്രോബാക്ക് വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

1990ലേതാണ് ദൃശ്യം. ജഗദീഷ്,സിദ്ദിഖ്,മുകേഷ്,അശോകന്‍ എന്നിവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്ന സിദ്ദിഖിനെയും ലാലിനെയും വീഡിയോയില്‍ കാണാം. സിനിമ പോലെ വളരെ ഫണ്ണിയായിട്ടുള്ള സെറ്റായിരുന്നു ഇന്‍ ഹരിഹര്‍ നഗറിന്‍റേതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. അന്നും കട്ടത്താടിയില്‍ തന്നെയാണ് സിദ്ദിഖും ലാലും.

ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. 1990 ജൂണ്‍ 20നാണ് ചിത്രം പുറത്തിറങ്ങിയത്. ഹരിഹര്‍ നഗര്‍ കോളനിയിലെ താമസക്കാരായ മഹാദേവൻ ( മുകേഷ് ), ഗോവിന്ദൻ കുട്ടി ( സിദ്ദിഖ് ), അപ്പുക്കുട്ടൻ ( ജഗദീഷ് ), തോമസ് കുട്ടി ( അശോകൻ ) എന്നിവര്‍ അവരുടെ പുതിയ അയൽക്കാരിയായ മായയെ ( ഗീത വിജയൻ ) ആകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 100 ദിവസത്തിലകം ഓടിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ കോമഡി സിനിമകളിലൊന്നാണ്. ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. 2 ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നിങ്ങനെ രണ്ടും മൂന്നും ഭാഗങ്ങളും പുറത്തിറങ്ങിയിരുന്നു.



Similar Posts