Entertainment
മുംബൈ ഇന്ത്യൻസ് വിളിച്ചിരുന്നു, പക്ഷേ രാജസ്ഥാന് കപ്പ് നേടിക്കൊടുക്കണമെന്നാണ് ആഗ്രഹം: സഞ്ജു സാംസൺ, ബേസിലുമായുള്ള ഇൻറർവ്യൂ വൈറൽ
Entertainment

മുംബൈ ഇന്ത്യൻസ് വിളിച്ചിരുന്നു, പക്ഷേ രാജസ്ഥാന് കപ്പ് നേടിക്കൊടുക്കണമെന്നാണ് ആഗ്രഹം: സഞ്ജു സാംസൺ, ബേസിലുമായുള്ള ഇൻറർവ്യൂ വൈറൽ

ഇജാസ് ബി.പി
|
30 Jan 2022 1:43 PM GMT

തന്റെ സ്വതസിദ്ധമായ ചിരിക്കൊപ്പം ചോദ്യങ്ങൾ തൊടുത്തുവിട്ടുകൊണ്ട് സംവിധായകൻ ബേസിൽ ജോസഫും ബൗൺസറുകളിൽനിന്ന് ഒഴിഞ്ഞുമാറുകയും മോശം പന്തുകളെ അടിച്ചുപറത്തുകയും ചെയ്യുന്ന ലാഘവത്തോടെ ഒപ്പത്തിനൊപ്പം നിന്ന് മലയാളത്തിന്റെ ക്രിക്കറ്റ് മേൽവിലാസം സഞ്ജു വി. സാംസണും

ഐപിഎല്ലിൽ തന്നെ മുംബൈ ഇന്ത്യൻസ് വിളിച്ചിരുന്നു, പക്ഷേ രാജസ്ഥാൻ റോയൽസിന് കപ്പ് നേടിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും ടീം ക്യാപ്റ്റനും മലയാളി ക്രിക്കറ്ററുമായ സഞ്ജു വി. സാംസൺ. പുതുമുഖങ്ങളെ ഉയർത്തി കൊണ്ടുവരുന്നത് രാജസ്ഥാൻ മാനേജ്‌മെൻറിന്റെ നയമാണെന്നും താരം പറഞ്ഞു. സംവിധായകൻ ബേസിൽ ജോസഫുമായി നടത്തിയ സംഭാഷണത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

'രാജസ്ഥാൻ റോയൽസിൽ മലയാളികളെ കൊണ്ടുപോയിട്ടുണ്ടോ? സങ്കക്കാര ഒക്കെ എന്ത് പറയുന്നു, ലണ്ടനിൽ ജോഫ്ര ആർച്ചറിന് ജ്വല്ലറി വല്ലതുമുണ്ടോ? കളിക്കിടെ വട്ടംകൂടി നിന്ന് എന്താണ് പറയുന്നത്?' തന്റെ സ്വതസിദ്ധമായ ചിരിക്കൊപ്പം ചോദ്യങ്ങൾ തൊടുത്തുവിട്ടുകൊണ്ടാണ്‌ ബേസിൽ ജോസഫ് സംസാരം തുടങ്ങിയത്. എന്നാൽ ബൗൺസറുകളിൽനിന്ന് ഒഴിഞ്ഞുമാറുകയും മോശം പന്തുകളെ അടിച്ചുപറത്തുകയും ചെയ്യുന്ന ലാഘവത്തോടെ ഒപ്പത്തിനൊപ്പം നിന്നു മലയാളത്തിന്റെ ക്രിക്കറ്റ് മേൽവിലാസം സഞ്ജു വി. സാംസൺ. കണ്ടവരെല്ലാം ഒരേ സ്വരത്തിൽ അസാധ്യ കോമ്പോയെന്ന് പറഞ്ഞ മിന്നൽ മുരളിയുടെ സംവിധായകനും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും നിറഞ്ഞാടിയ അഭിമുഖം വണ്ടർവാൾ മീഡിയയെന്ന യൂട്യൂബ് ചാനലാണ് പുറത്തിറക്കിയത്. ഇരുവരുടെയും പ്രഫഷനൽ വിശേഷങ്ങൾ പരസ്പരം ചോദിച്ചറിയുകയും വ്യക്തിബന്ധം പങ്കുവെക്കുകയും ചെയ്യുന്ന അഭിമുഖം വളരെ സ്വാഭവികത നിറഞ്ഞതിനാൽ ഏറെ പേർ കണ്ടിരിക്കുകയാണ്. നാലു ഭാഗങ്ങളിലായാണ് അഭിമുഖം പുറത്തുവിട്ടത്.

ഹ്യൂമർ സിനിമയാണ് ഇഷ്ടമെന്ന് സഞ്ജു, അലാറം വെച്ച് ക്രിക്കറ്റ് കാണുമെന്ന് ബേസിൽ

അഭിമുഖത്തിന് മുമ്പ് തന്നെ ഇരുവരും കാറിലിരുന്നുകൊണ്ട് സുഹൃത്തിന്റെ മേഖലയിലുള്ള തങ്ങളുടെ കടുത്ത ഇഷ്ടം പങ്കുവെക്കുന്നത് കാണാം. 'മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സിനിമകളൊക്കെ കാണാറുണ്ടെങ്കിലും ഞാൻ മുൻഗണന നൽകുന്നത് മലയാളത്തിനാണ്. ഐപിഎൽ കളിക്കാനെത്തുമ്പോൾ പലരും ചോദിക്കും; പുതിയ മലയാള സിനിമ വല്ലതും ഇറങ്ങിയിട്ടുണ്ടോ അത്ര ജനകീയമാണ് നമ്മുടെ സിനിമകൾ' സഞ്ജു സാംസൺ പറഞ്ഞു. നർമ്മം നിറഞ്ഞ സിനിമകളാണ് ഇഷ്ടമെന്നും ക്രിക്കറ്റിൽ അത്യാവശ്യം സമ്മർദ്ദമുള്ളതിനാൽ റിലാക്‌സ് ഹൊറർ, ത്രില്ലറോ കാണുന്നത് ബുദ്ധിമുട്ടാണെന്നും വിക്കറ്റ് കീപ്പർ ബാറ്റർ പറഞ്ഞു. സംവിധായകനായും അഭിനേതാവായും ബേസിൽ കഴിവു തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. നല്ല ക്വാളിറ്റിയുള്ള വ്യക്തിത്വമാണെന്ന് തോന്നിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. 'ഗോദ'യിറങ്ങും മുമ്പായി നാലഞ്ചു വർഷത്തിന് മുമ്പ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയത് എയർപോർട്ടിൽ വെച്ചാണെന്ന് സഞ്ജു ഓർത്തു. അന്ന് ഗോദ ഏകദേശം ആയെന്നും എന്നാൽ ദംഗൽ ആദ്യം ഇറങ്ങിയെന്ന് പറഞ്ഞതും ഓർമിച്ചു. ആദ്യ കൂടിക്കാഴ്ച തന്നെ രസകരമായെന്നും സഞ്ജു പറഞ്ഞു.

'സിനിമ കഴിഞ്ഞാൽ എന്റെ ഇഷ്ടമേഖല ക്രിക്കറ്റാണ്. കളി കാണാനും കളിക്കാനും ഇഷ്ടമാണ്. ഐപിഎൽ കാണാറുണ്ട്. പലപ്പോഴും ഇന്ത്യൻ ടീം ആസ്‌ട്രേലിയയിൽ ടെസ്റ്റിന് പോകുമ്പോൾ അലാറം വെച്ച് കളി കാണും' ബേസിൽ ഇഷ്ടം വെളിപ്പെടുത്തി. ക്രിക്കറ്റ് സെലക്ഷന് പോയിട്ട് ലഭിച്ചില്ലെന്നും താൻ ബാറ്ററാണോ ബൗളറാണോയെന്ന് അറിയില്ലെന്നും ബേസിൽ പറഞ്ഞു. പണ്ട് സച്ചിൻ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും ഇപ്പോൾ സഞ്ജു ബാറ്റ് ചെയ്യുമ്പോഴും നെഞ്ചിടിപ്പാണെന്നും മഗ്രാത്തിന്റെ പന്തിൽ സച്ചിന് എന്ത് പറ്റുമെന്ന് ടെൻഷനടിക്കാറുണ്ടെന്നും ബേസിൽ പറഞ്ഞു. പ്രധാന മത്സരങ്ങൾക്ക് മുമ്പും മികച്ച പ്രകടനത്തിന് ശേഷവും സഞ്ജുവിന് അഭിനന്ദിച്ചും നന്നായി കളിക്കണമെടോയെന്ന് പറഞ്ഞും മെസേജയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് തന്റെ ഇഷ്ടമേഖലയായത് കൊണ്ട് തന്നെ സഞ്ജുവിനെ കണ്ടുമുട്ടുന്ന നിമിഷങ്ങൾ 'ഫാൻ ബോയ് മൊമൻറാ'ണെന്നും ബേസിൽ പറഞ്ഞു.

ചോദ്യങ്ങൾ, മറുചോദ്യങ്ങൾ, ഉത്തരങ്ങൾ

സിനിമയിലും ചാനലുകളിലുമൊക്കെ ബേസിലിനെ നമ്മൾ പലവട്ടം കണ്ടതാണ്. എന്നാൽ കാണികളധികം കേൾക്കാത്ത സഞ്ജുവിന്റെ നർമ്മസംഭാഷണങ്ങളാണ് അഭിമുഖത്തിലുടനീളമുള്ളത്. ബാറ്റ് കൊണ്ട് മാത്രമല്ല, വാക്ക് കൊണ്ടും നന്നായി പയറ്റിത്തെളിഞ്ഞിട്ടുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹം ചോദ്യങ്ങളും ഉത്തരങ്ങളും. സ്ഥിരം നർമങ്ങളുമായി ബേസിലും നിറഞ്ഞു നിന്നു. രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റനായിരുന്നിട്ട് മലയാളികളെ കൊണ്ടുപോയിട്ടുണ്ടോയെന്നാണ് അവസാനമിറങ്ങിയ ഭാഗത്തിൽ ബേസിലിന്റെ ചോദ്യം. പിന്നെ കഴിവുള്ള പലരെയും സെലക്ഷന് കൊണ്ടുപോയിട്ടുണ്ട്. കഴിവുള്ളവർ ടീമിലെത്തും. നമ്മളുമായുള്ള ബന്ധത്തിന്റെ പേരിൽ ടീമിലെടുക്കാനാകില്ലല്ലോയെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

സങ്കക്കാര ഒക്കെ എന്ത് പറയുന്നുവെന്ന ചോദ്യത്തോടെയാണ് ബേസിൽ തുടങ്ങിയത്. സുഖമായിരിക്കുന്നുവെന്ന് മറുപടി. ലണ്ടനിൽ ജോഫ്ര ആർച്ചറിന് ജ്വല്ലറി വല്ലതുമുണ്ടോ? അദ്ദേഹത്തെ ഒഴിവാക്കിയത് എന്തിനാണ് എന്നീ ചോദ്യങ്ങൾക്ക് സഞ്ജു മറുപടി പറഞ്ഞത് ഇങ്ങനെ: അത്തരം ആഭരണം അണിയണമെന്ന് ആർച്ചറിന് ചെറിയ പ്രായത്തിലേയുള്ള മോഹമാണ്. ഇപ്പോഴത് നടത്തി. ടീമിലില്ലാത്തത് ഗുരുതര പരിക്ക് മൂലമാണ്. കളിക്കിടെ വട്ടംകൂടി നിന്ന് എന്താണ് പറയുന്നതെന്ന് ബേസിൽ അടുത്ത ചോദ്യമുതിർത്തു. 'അത്തരം സാഹചര്യങ്ങളിൽ എല്ലാവരും നല്ല ടെൻഷനിലാകും. അപ്പോൾ നല്ല തമാശകൾ പറയും. എല്ലാവരും നല്ല കളി പുറത്തെടുക്കണമെന്ന് ഉറച്ചിരിക്കേ വീണ്ടും നന്നായി കളിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലാലോ' സഞ്ജു പറഞ്ഞു.

മിന്നൽ മുരളിയുടെ ശേഷം ഇനിയെന്താണ്? ബേസിൽ ഇറങ്ങുമോ സൂപ്പർ ഹീറോയായി ഇറങ്ങുമോയെന്ന് സഞ്ജു. 'ക്രിക്കറ്റിൽ ഒരു സൂപ്പർ ഹീറോ കഥ കൊണ്ടുവന്നാൽ സഞ്ജു അഭിനയിക്കുമോ, ചില പരസ്യങ്ങളിലൊക്കെ ഉണ്ടല്ലോ' എന്ന് മറുചോദ്യവുമായി ബേസിൽ. 'അയ്യോ, ആവശ്യത്തിന് ഉണ്ട് തലവേദന. പരസ്യത്തിലെ അഭിനയം അതൊക്കെ അങ്ങനെ സംഭവിച്ചു പോകുന്നതാണ്' സഞ്ജു പ്രതിരോധം തീർത്തു.

രാജസ്ഥാൻ വീണ്ടും നിലനിർത്തിയതോടെ ലഭിക്കുന്ന കോടികളൊക്കെ എവിടെ കൊണ്ടുപോയി വെക്കുന്നുവെന്ന ചോദ്യത്തിന് ചിരിയായിരുന്നു സഞ്ജുവിന്റെ മറുപടി. ക്രിക്കറ്റ് ഇഷ്ടമാണോയെന്ന സഞ്ജുവിന്റെ ചോദ്യത്തിന് അനിൽകുംബ്ലൈയെ മെക്കാനിക്കൽ എൻജിനീയർ ആയിരുന്നുവെന്നും പഠിച്ചശേഷം ക്രിക്കറ്റിലിറങ്ങാമെന്നും വീട്ടുകാർ പറഞ്ഞുപറ്റിച്ചത് കൊണ്ട് കളിയിലെത്താതെ പോയെന്നായിരുന്നു ബേസിലിന്റെ മറുപടി. സച്ചിൻ പത്തിൽ തോറ്റതാണെന്ന് അന്ന് അറിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു. പ്രഫഷനുകളിൽ ടെൻഷൻ സന്ദർഭങ്ങളിൽ ഒന്നും കേൾക്കാത്ത ഭാവത്തിലാണ് നിൽക്കാറുള്ളതെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ബൗണ്ടറിയിലെ പറന്നു ക്യാച്ച് ചെയ്യുന്നത് സംഭവിച്ചത് പോകുന്നതാണെന്നും സഞ്ജു തമാശപൂർവം പറഞ്ഞു.

ഒരുപാട് താരങ്ങളുമായും പണം മുടക്കിയും ടെൻഷനുണ്ടാകുമെന്നും എന്നാൽ ഷൂട്ടിങ്ങ് കഴിഞ്ഞാൽ ഇതൊക്കെ താൻ ചെയ്തതാണോയെന്ന് ചിന്തിച്ചുപോകാറുണ്ടെന്നും ബേസിൽ പറഞ്ഞു. 'മിന്നൽ മുരളിയുടെ ക്ലൈമാക്‌സ് സീനുകൾ കർണാടകയിലെ ഹാസനിലെ കുഗ്രാമത്തിലാണ് ചിത്രീകരിച്ചത്. അഭിനയിക്കുന്ന നാട്ടുകാർ ബോംബുകൾ പൊട്ടിക്കുമ്പോൾ ചിരിക്കുകയായിരുന്നു. പക്ഷേ, 50,000 ഉം ലക്ഷവും വില വരുന്ന ബോംബ് വീണ്ടും പൊട്ടിക്കാനാകില്ലല്ലോ. കുറച്ച് കന്നഡ വാക്കുകൾ പഠിച്ച് പണി തീർക്കുകയായിരുന്നു' ബേസിൽ പറഞ്ഞു.

കൂടെ വരുന്നോയെന്ന് രാഹുൽ സാർ ചോദിച്ചുവെന്ന് സഞ്ജു, വിനീത് ശ്രീനിവാസനാണ് എന്റെ രാഹുൽ ദ്രാവിഡെന്ന് ബേസിൽ

ഇന്ത്യൻ രാഹുൽ ദ്രാവിഡിനെ വഴികാട്ടിയായ കാണുന്ന സഞ്ജു അദ്ദേഹം തന്നെ ടീമിലെടുത്ത നിമിഷങ്ങൾ ഓർത്തെടുത്തു. അദ്ദേഹം രാജസ്ഥാൻ ടീം ക്യാപ്റ്റനായിരിക്കെ ട്രയൽസ് കാണാൻ അദ്ദേഹം എത്തിയിരുന്നു. തന്റെ ബാറ്റിങിന് അദ്ദേഹം പ്രോത്സാഹനം നൽകിയതും അതിന് മുമ്പോ ശേഷമോ അത്തരം പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും സഞ്ജു പറഞ്ഞു. തുടർന്ന് ദ്രാവിഡെത്തി തന്റെ ടീമിന് വേണ്ടി കളിക്കാമോയെന്ന് ചോദിക്കുകയായിരുന്നു. അപ്പോൾ എന്ത് ചോദ്യമാണിതെന്നായിരുന്നു തന്റെ പ്രതികരണമെന്ന് സഞ്ജു പറഞ്ഞു. പുതിയ താരങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നത് രാജസ്ഥാൻ റോയൽസിന്റെ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദ്രാവിഡ് സാറിന്റെ മോട്ടിവേഷൻ സ്പീച്ചുകൾ അസാധ്യമാണെന്നും അദ്ദേഹം ഓർത്തു. താങ്കൾ പുതുമുഖങ്ങളെ കൊണ്ടുവരാറുണ്ടോയെന്ന ചോദ്യത്തിന് 'ഞാനും അങ്ങനെ വന്നതാണ്. വിനീത് ശ്രീനിവാസനാണ് എന്റെ ദ്രാവിഡ്, ഷോർട്ട് ഫിലിം ചെയ്യുന്ന കാലത്തേ തനിക്ക് തിരക്കഥ അയക്കാറുള്ളയാളാണ് മിന്നൽ മുരളിക്ക് തിരക്കഥ എഴുതാൻ കൂടെയുണ്ടായിരുന്നത്' ബേസിലിന്റെ മറുപടി പറഞ്ഞു.

'Have Malayalees been taken to Rajasthan Royals? You in the movie '; Sanju Samson -Basil Joseph Interview Viral

Similar Posts