"ഒരു സാധാരണ ഭർത്താവിനെയും കുടുംബത്തെയുമാണ് ആഗ്രഹിച്ചത്, പക്ഷേ..."; മനസുതുറന്ന് ഹേമമാലിനി
|1980-ലായിരുന്നു ഹേമയുടെയും ധർമേന്ദ്രയുടെയും വിവാഹം. ഹേമയെ വിവാഹം ചെയ്യുമ്പോൾ തന്നെ ധർമേന്ദ്ര നാലുമക്കളുടെ അച്ഛനായിരുന്നു
ഇന്ത്യൻ സിനിമയിലെ 'സ്വപ്‌ന നായിക' എന്നതിൽ കുറഞ്ഞ വിശേഷണമൊന്നും ഹേമമാലിനിക്ക് നൽകിയിട്ടില്ല. സിനിമാ ലോകത്തെ ഡ്രീം ഗേളായി തുടരുമ്പോഴും നര്‍ത്തകി, എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ്, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും ഹേമ ശോഭിച്ചിരുന്നു.
അഭിനയിച്ച മിക്ക സിനിമകളിലും നായകനായെത്തിയ അക്കാലത്തെ സൂപ്പർസ്റ്റാർ ധർമേന്ദ്രയെ തന്നെ ഹേമമാലിനി ജീവിതത്തിലും നായകനാക്കി. ബോളിവുഡിലെ ഏറെ കാലം ഒരുമിച്ച് ജീവിച്ച ദമ്പതികൾ കൂടിയാണ് ഇവർ. . 1980-ലായിരുന്നു ഇരുവരുടെയും വിവാഹം. ഹേമയെ വിവാഹം ചെയ്യുമ്പോൾ തന്നെ ധര്‍മ്മേന്ദ്ര നാലുമക്കളുടെ അച്ഛനായിരുന്നു. ആദ്യവിവാഹത്തിലെ ധർമേന്ദ്രയുടെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും ബോളിവുഡിൽ ചുവടുവെച്ചുകഴിഞ്ഞു.
ഇപ്പോഴിതാ ദാമ്പത്യജീവിതത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഹേമമാലിനി. തനിക്ക് ഒന്നിനെ കുറിച്ചും പരാതിയില്ലെന്നും ജീവിതം തരുന്നത് പോലെ എല്ലാം സ്വീകരിക്കുകയാണ് താൻ ചെയ്തതെന്നും ഹേമ പറഞ്ഞു. ലെഹ്‌റൻ റെട്രോയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹേമയുടെ വെളിപ്പെടുത്തൽ. ധർമ്മേന്ദ്രയിൽ നിന്നകന്ന് പ്രത്യേകമൊരു വീട്ടിലാണ് ഹേമയും മക്കളും താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ താമസിക്കണമെന്നത് ഹേമയുടെ തീരുമാനം തന്നെയായിരുന്നു. രണ്ട് പെൺമക്കളെയും ഹേമ ഒരു കുറവുമില്ലാതെ വളർത്തി. ഈ ഘട്ടങ്ങളിലെല്ലാം ധർമേന്ദ്ര ഒപ്പമുണ്ടായിരുന്നുവെന്നും ഹേമ അഭിമുഖത്തിൽ പറഞ്ഞു.
"ആർക്കും അങ്ങനെയൊരു ജീവിതം നയിക്കണമെന്ന് ആഗ്രഹം ഉണ്ടാകില്ല, പക്ഷേ, സംഭവിക്കേണ്ടത് സംഭവിക്കും. എന്താണോ സംഭവിക്കുന്നത് അത് അംഗീകരിക്കണം. അല്ലെങ്കിൽ ഇങ്ങനെ ജീവിക്കണോ എന്ന് പോലും തോന്നിപ്പോകും. എല്ലാ സ്ത്രീക്കും ഭർത്താവും കുട്ടികളുമായി ഒരു സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹം. പക്ഷേ, എവിടെയോ ആ വഴി തെറ്റിപ്പോകും. എനിക്കതിൽ യാതൊരു വിഷമവുമില്ല. മറിച്ച് സന്തോഷമാണുള്ളത്. എന്റെ രണ്ടുകുട്ടികളെയും ഞാൻ നന്നായി തന്നെ വളർത്തി"; ഹേമ പറഞ്ഞു.
തന്റെ കരിയറിൽ മാത്രമല്ല, ഇതുപോലുള്ള നിർണായക വ്യക്തിഗത ഘട്ടങ്ങളിലും വഴികാട്ടിയത് 'ഗുരുമാ' ആണെന്ന് ഹേമ പറയുന്നു. മക്കൾക്ക് വേണ്ടി ധർമേന്ദ്ര എന്നും കൂടെയുണ്ടായിരുന്നു. കുട്ടികളുടെ കല്യാണം ആയിരുന്നു അദ്ദേഹത്തിന് ആശങ്ക. ശരിയായ സമയത്ത് എല്ലാം നടക്കുമെന്ന് ഞാൻ പറഞ്ഞു. ഗുരുമായുടെ അനുഗ്രഹം കൊണ്ട് അത് നടക്കുകയും ചെയ്തു; ഹേമ കൂട്ടിച്ചേർത്തു.
ഹേമയും ധർമ്മേന്ദ്രയും 1980-ലാണ് വിവാഹിതരായത്. ഈ സമയം ധർമ്മേന്ദ്ര പ്രകാശ് കൗർ ആയിരുന്നു ധർമ്മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗറിൽ സണ്ണി, ബോബി, മകൾ അജീത, വിജേത എന്നീ നാലുമക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. ഹേമയിൽ ഇഷ, അഹാന എന്നിവരാണ് മക്കൾ. ഇഷ ഡിയോളും അഹാന ഡിയോളും ഹേമമാലിനിക്കൊപ്പം നൃത്തവേദികള്‍ പങ്കിടാറുണ്ട്. 28 ചിത്രങ്ങളിലാണ് ഹേമമാലിനിയും ധർമേന്ദ്രയും ഒരുമിച്ച് അഭിനയിച്ചത്.