Entertainment
കന്യാസ്ത്രീകളെ അപമാനിക്കുന്നുവെന്ന് പരാതി; അക്വേറിയം ഒ.ടി.ടി റിലീസിന് സ്റ്റേ
Entertainment

കന്യാസ്ത്രീകളെ അപമാനിക്കുന്നുവെന്ന് പരാതി; 'അക്വേറിയം' ഒ.ടി.ടി റിലീസിന് സ്റ്റേ

Web Desk
|
12 May 2021 10:39 AM GMT

കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയ്സ് ഓഫ് നണ്‍സ് കൂട്ടായ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് പത്തു ദിവസത്തേയ്ക്ക് കോടതി സ്റ്റേ ചെയ്തത്.

ദേശീയ പുരസ്‌കാര ജേതാവായ ടി. ദീപേഷ് സംവിധാനം ചെയ്ത 'അക്വേറിയം' എന്ന ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയ്സ് ഓഫ് നണ്‍സ് കൂട്ടായ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് പത്തു ദിവസത്തേയ്ക്ക് കോടതി സ്റ്റേ ചെയ്തത്.

'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും' എന്ന പേരില്‍ തയ്യാറാക്കിയ ചിത്രത്തിന് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. രണ്ടു തവണത്തെ സെന്‍സര്‍ ബോര്‍ഡ് വിലക്കിയതിന് ശേഷം സെന്‍സര്‍ ബോര്‍ഡ് ട്രിബ്യൂണലിന്റെ നിര്‍ദേശ പ്രകാരം ചിത്രത്തിന്‍റെ പേര് 'അക്വേറിയം' എന്നാക്കി റിലീസ് ചെയ്യാനാണ് ഒരുങ്ങിയത്.

മേയ് 14നാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാനിരുന്നത്. ട്രെയ്ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ട്രെയ്‌ലര്‍ സന്യസ്തരേയും ക്രൈസ്തവ വിശ്വാസികളെയും അവഹേളിക്കുന്ന തരത്തിലാണ് എന്നാണ് ആരോപണം.

പൂര്‍ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് അക്വേറിയം. സഭയ്ക്ക് അകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നാണ് നേരത്തെ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിരുന്നത്.

ഹണി റോസ്, സണ്ണി വെയ്ന്‍, ശാരി എന്നിവരോടൊപ്പം കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വി.കെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Similar Posts