'ഇത് ദൈവഹിതം, എന്റെ നിയ്യത്തിൽ വിശ്വാസം'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ഹിനാ ഖാൻ
|'ദൈവഭക്തിയുള്ള ഒരുദ്ദേശ്യവും വിനീതമായ ഒരാഗ്രഹവും ദൈവസന്നിധിയിൽ നിഷേധിക്കപ്പെടില്ല'
ഉംറ തീർത്ഥാടനത്തിന്റെ ഭാഗമായി വിശുദ്ധനഗരമായ മക്കയിലും പ്രവാചക നഗരിയായ മദീനയിലുമാണ് നടി ഹിനാ ഖാൻ. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് വന്‍ വിമര്‍ശനങ്ങളാണ് ഒരുവിഭാഗം ആളുകളില്‍നിന്ന് അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നത്. മസ്ജിദിന് അകത്തു വച്ച് ഫോട്ടോ ഷൂട്ട് നടത്തുകയാണോ, ഇത് റാംപല്ല മസ്ജിദാണ് തുടങ്ങിയ കമന്റുകളാണ് ഹിനയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. വിമർശനങ്ങളെ തുടർന്ന് ഇവർ തന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു.
തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളോട് ഹിന തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോൾ. ദൈവഹിതമാണ് ഈ സന്ദർശനമെന്നും തന്റെ നിയ്യത്തിൽ (വിചാരം) വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. മൂന്നാമത്തെ ഉംറ നിര്‍വഹിച്ച ശേഷം ഇൻസ്റ്റ്ഗ്രാമിലാണ് ഹിനയുടെ കുറിപ്പ്.
'ഇടത്തും വലത്തും നടുക്കുമിരുന്ന് എന്നെ കുറിച്ച്, എന്റെ ചിത്രങ്ങൾക്കു താഴെ തീർപ്പു കൽപ്പിക്കുന്നവരോടാണ്. എനിക്കവരോട് പറയാനുള്ളത് ഇതാണ്. ഞാൻ വിശുദ്ധയൊന്നുമല്ല, എന്നാൽ എന്റെ നിയ്യത്തിലും (വിചാരം) ദയയിലും കർമ്മങ്ങളിലും സദ്വൃത്തികളിലും വിശ്വസിക്കുന്നു. സ്വന്തം ചെയ്തികളെ കുറിച്ച് എല്ലാവരും മറുപടി പറയേണ്ടി വരും.' - അവർ എഴുതി.
'ഇത് സംഭവിക്കുന്നു എന്നെനിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല. ഒന്നര ദിവസം കൊണ്ട് മൂന്ന് ഉംറ നിർവഹിക്കാനാണ് വീട്ടിൽനിന്നു തിരിക്കുമ്പോൾ ഞാൻ ആലോചിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമായും ശാരീരികപരമായും സാധ്യമായിരുന്നില്ല. എന്റെ കണക്കുകൂട്ടൽ തെറ്റി. മദീന ഷരീഫിലെ സമയവും നോമ്പും നന്നായി ആസ്വദിച്ചു. എന്നാൽ അകത്തെവിടെയോ ഞാൻ സംതൃപ്തയായിരുന്നില്ല. ഉംറ സമ്പൂർണമായില്ലല്ലോ എന്നൊരു ദുഃഖം' - അവർ എഴുതി.
'മക്ക ഷരീഫിനോട് അടുത്തുകിടക്കുന്നത് കൊണ്ട് റമദാനിൽ ഉംറ ചെയ്യാൻ അതിയായി ആഗ്രഹിച്ചു. എന്നാൽ മദീനയിൽ നിന്നായിരുന്നു നാട്ടിലേക്കുള്ള ഫ്ളൈറ്റ്. തിരിച്ചു പോരാൻ തന്നെയായിരുന്നു തീരുമാനം. അടുത്ത റമദാനിൽ തിരിച്ചുവരുമെന്നും ഉറപ്പിച്ചു. മാതാവ് വീൽചെയറിൽ ആയിരുന്നതു കൊണ്ട് അവർക്ക് ഒറ്റയ്ക്ക് പോകാനാകുമായിരുന്നില്ല. എന്നാൽ ദൈവത്തിന് മറ്റു ചില പദ്ധതികളുണ്ടായിരുന്നു. ദൈവം ഒരു 'മാലാഖ'യെ അയച്ച് എന്നെ ബോധ്യപ്പെടുത്തി. കുറച്ചു മണിക്കൂറുകൾക്കായി മക്കയിലേക്ക് തിരിച്ചു പോയി ഉംറ നിർവഹിച്ചു. ദൈവം മഹാനാണ്, എല്ലാമറിയുന്നവനും. ദൈവഭക്തിയുള്ള ഒരുദ്ദേശ്യവും വിനീതമായ ഒരാഗ്രഹവും ദൈവസന്നിധിയിൽ നിഷേധിക്കപ്പെടില്ല.' - അവർ കൂട്ടിച്ചേർത്തു.
റമദാനിൽ ഫിലിം ഇൻഡസ്ട്രിയിൽനിന്ന് ഹിനാ ഖാൻ മാത്രമല്ല, അലി ഗോണി, ആസിം റിയാസ് എന്നിവരും മക്കയിൽ ഉംറ നിർവഹിക്കാനെത്തിയിരുന്നു.