ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
|ഒരു സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്രക്കാരായിരുന്നു ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും
ലോസാഞ്ചലസ്: ജര്‍മന്‍ വംശജനായ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കരീബിയിന്‍ ദ്ലീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. 30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്രക്കാരായിരുന്നു ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സെൻ്റ് വിൻസെൻ്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തിൽ നിന്നും ഗ്രനേഡൈൻസിലേക്ക് വിമാനം പുറപ്പെട്ടതെന്നാണ് റോയൽ സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ് പൊലീസ് ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. സെൻ്റ് ലൂസിയയിലേക്കുള്ള യാത്രാമധ്യേ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് പ്രശ്നമുണ്ടാവുകയായിരുന്നുവെന്നും തുടർന്ന് വിമാനം കടലിൽ തകർന്നുവീഴുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.
മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡും ഉടൻ സംഭവസ്ഥലത്തെത്തി, നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. ഒലിവർ (51), പെൺമക്കളായ ആനിക് (10), മഡിത ക്ലെപ്‌സർ (12), വിമാനത്തിന്‍റെ പൈലറ്റ് ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരും പൈലറ്റും മരണപ്പെട്ടതായി ഉടമ റോബർട്ട് സാക്‌സിനെ മെഡിക്കൽ സംഘം അറിയിച്ചു. കോസ്റ്റ് ഗാർഡ് മൃതദേഹങ്ങൾ ബോട്ടിൽ ഒരു പ്രാദേശിക മോർച്ചറിയിലേക്ക് കൊണ്ടുപോയി. അതേ സമയം വെള്ളിയാഴ്ച രാത്രി വരെ പോസ്റ്റുമോർട്ടം പൂർത്തിയായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഒലിവറിന്‍റെയും കുടുംബത്തിന്‍റെയും ദാരുണാന്ത്യം.