കറുത്തവളെന്നും തടിച്ചിയെന്നും വിളിച്ചു, 33-ാം വയസിലാണ് ശരിക്കുമൊന്ന് കണ്ണാടിയില്‍ നോക്കുന്നത്: കജോള്‍
|നിറമൊന്നും ഒരു പ്രശ്നമല്ലെന്നും യഥാര്‍ഥത്തില്‍ താന്‍ സുന്ദരിയാണെന്ന് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നു
മുംബൈ: കരിയറിന്‍റെ തുടക്കകാലത്ത് നേരിട്ട ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി കജോള്‍. ശരീരഭാരത്തിന്‍റെയും നിറത്തിന്‍റെയും പേരില്‍ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് 'ഹ്യൂമൻസ് ഓഫ് ബോംബെ' പോഡ്‌കാസ്റ്റിൽ താരം പറഞ്ഞു.
കറുത്ത് തടിച്ച് എപ്പോഴും കണ്ണട ധരിക്കുന്ന ആളെന്നാണ് തന്നെക്കുറിച്ച് പറയാറുള്ളത്. നിറമൊന്നും ഒരു പ്രശ്നമല്ലെന്നും യഥാര്‍ഥത്തില്‍ താന്‍ സുന്ദരിയാണെന്ന് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നുവെന്നും നടി പറഞ്ഞു. 32-33 വയസിലാണ് ശരിക്കുമൊന്ന് കണ്ണാടിയില്‍ നോക്കുന്നത്.താന്‍ സുന്ദരിയാണെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു. മോശം കമന്‍റുകള്‍ നടത്തുന്നവരെക്കാള്‍ സ്മാര്‍ട്ടാണ് എന്ന വിശ്വാസമുണ്ടായിരുന്നു. അതിനാൽ, ഞാൻ ഞാനായിത്തന്നെ തുടർന്നു. താമസിയാതെ, അവർക്ക് എന്നെ താഴെയിറക്കാൻ കഴിയാതെ വന്നപ്പോൾ, ഞാൻ ആരാണെന്ന് അവര്‍ തിരിച്ചറിഞ്ഞു," കജോൾ പറഞ്ഞു."ആളുകൾ എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു. പക്ഷേ അതെല്ലാം ചെയ്തിട്ടും ഞാൻ ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവര്‍ പറഞ്ഞത് സങ്കടകരമായിരുന്നു. പക്ഷേ എനിക്കത് ഗൗരവമായി എടുക്കാൻ കഴിഞ്ഞില്ല", നടി കൂട്ടിച്ചേർത്തു.
നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ ചര്‍മം വെളുക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായിട്ടില്ലെന്ന് കജോള്‍ തുറന്നുപറഞ്ഞിരുന്നു. പത്ത് വര്‍ഷത്തോളം വെയില്‍ കൊണ്ടാണ് ജോലി ചെയ്തതെന്നും അതുകൊണ്ടാണ് തന്‍റെ ചര്‍മം മോശമായതെന്നും നടി പറഞ്ഞു. പിന്നീട് ജോലിക്ക് പോകാതെ വീട്ടിലിരുന്നതുകൊണ്ടാണ് ചര്‍മത്തിന് നിറവ്യത്യാസം വന്നതെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു. നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കിയിലാണ് കജോള്‍ ഒടുവില്‍ അഭിനയിച്ചത്.