20 വർഷത്തിന് ശേഷം ഹൃത്വിക് റോഷൻ ചിത്രം 'കോയി മിൽ ഗയ' റീ റിലീസിനൊരുങ്ങുന്നു
|ചിത്രത്തിന്റെ സംവിധായകൻ രാകേഷ് റോഷനും ഹൃത്വിക് റോഷനും ചേർന്നാണ് ഓഗസ്റ്റ് നാലിന് ചിത്രം വീണ്ടും തിയേറ്ററിലെത്തിക്കുന്നത്
ഹൃത്വിക് റോഷൻ നായകനായി 2003ൽ പുറത്തിറങ്ങിയ 'കോയി മിൽ ഗയ' റീ റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധായകൻ രാകേഷ് റോഷനും ഹൃത്വിക് റോഷനും ചേർന്ന് ഓഗസ്റ്റ് നാലിന് ചിത്രം വീണ്ടും തിയേറ്ററിലെത്തിക്കും. ഇന്ത്യയിലെ 30 നഗരങ്ങളിലാണ് റിലീസുണ്ടാവുക.
രോഹിത് എന്ന ചെറുപ്പക്കാരൻ മരണപ്പെട്ട തന്റെ പിതാവിന്റെ കണ്ടുപിടുത്തം ഉപയോഗിച്ച് അന്യഗ്രഹ ജീവിയായ ജാദൂവുമായി ബന്ധം സ്ഥാപിക്കുന്നതും അവർ തമ്മിലുള്ള സൗഹൃദം വളരുന്തോറും ചെറുപ്പക്കാരന് ആസാധാരണമായകഴിവുകൾ ലഭിക്കുന്നതുമാണ് 'കോയി മിൽ ഗയ'യുടെ ഇതിവൃത്തം. ചിത്രം പുറത്തിറങ്ങി 20 വർഷമാകുമ്പോഴാണ് അണിയറ പ്രവർത്തകർ റീ റിലീസിന് ഒരുങ്ങുന്നത്.
അന്യഗ്രഹജിവിയെ വെച്ച് ഒരു സയൻസ് ഫിക്ഷൻ സിനിമ ചെയ്യുന്നത് വളരെയധികം വെല്ലുവിളിയായിരുന്നു. പ്രേക്ഷക പ്രതികരണമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം. വ്യത്യസ്ത രീതിയിൽ സിനിമകൾ ചെയ്യാനും പരീക്ഷണങ്ങൾ തുടരാനും ഒരു ചലച്ചിത്രക്കാരൻ എന്ന നിലയിൽ ഈ ചിത്രം തനിക്ക് ശക്തി നൽകിയെന്ന് രാകേഷ് റോഷൻ പറഞ്ഞു.
പ്രീതി സിന്റ, രേഖ, പ്രേം ചോപ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. 'കോയി മിൽഗയ'യുടെ തുടർച്ചയെന്നോണം പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു 'ക്രിഷ്', 'ക്രിഷ് 3' എന്നിവ. ഇപ്പോൾ ഈ സീരീസിലെ അടുത്ത ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് 'കോയി മിൽഗയ'യുടെ റീ റിലീസ്.