Entertainment
ആദ്യം മനുഷ്യത്വം, ഞങ്ങൾ കൂടെയുണ്ട്; സായ് പല്ലവിക്ക് പിന്തുണയറിയിച്ച് പ്രകാശ് രാജ്
Entertainment

'ആദ്യം മനുഷ്യത്വം, ഞങ്ങൾ കൂടെയുണ്ട്'; സായ് പല്ലവിക്ക് പിന്തുണയറിയിച്ച് പ്രകാശ് രാജ്

Web Desk
|
20 Jun 2022 1:28 PM GMT

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് സായ് പല്ലവി പറഞ്ഞതാണ് വിവാദങ്ങൾക്കിടയായത്

നടി സായ് പല്ലവിക്ക് പിന്തുണയറിയിച്ച് തെന്നിന്ത്യൻ താരം പ്രകാശ് രാജ്. ആദ്യം മനുഷ്യത്വം, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടെന്നായിരുന്നു സായ് പല്ലവിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രകാശ് രാജിന്റെ പ്രതികരണം. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞതാണ് വിവാദങ്ങൾക്കിടയായത്.

തന്റെ പുതിയ ചിത്രമായ 'വിരാടപർവ'ത്തിന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിൽ ഒരു ചോദ്യത്തിനുത്തരമായാണ് അവർ ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും നടന്നിരുന്നു. നടിയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ നിരവധിയാളുകളാണ് പിന്തുണയറിയിച്ചെത്തിയത്. മതത്തിന്റെ പേരിൽ മറ്റുള്ളവരെ അടിച്ചമർത്താതെ നിഷ്പക്ഷത പാലിക്കുന്നതിലൂടെ ഒരു നല്ല മനുഷ്യനാകുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് സായ് പല്ലവി അഭിമുഖത്തിൽ വ്യക്തമാക്കി.

തന്റെ പ്രസ്താവന വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി നടിയെത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധിയാളുകൾ വിശദീകരണത്തിന് പിന്തുണയറിയിക്കുകയും ചെയ്തു. വംശഹത്യ പോലെയുള്ള കാര്യങ്ങൾ അത്ര ചെറിയ കാര്യമല്ല. തലമുറകൾ വരുന്ന ജനങ്ങൾ ഇന്നും അതിൽ നിന്നും മുക്തരല്ല. കോവിഡ് സമയത്തെ ആൾക്കൂട്ട കൊലപാതകങ്ങളെ ഒരിക്കലും പിന്തുണക്കാൻ കഴിയില്ല. ആൾക്കൂട്ട കൊലപാതകത്തിന്റെ വീഡിയോ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മതത്തിൻറെ പേരിലുള്ള ഏത് അക്രമവും വലിയ പാപമാണ്. ഇത്രയുമാണ് പറയാൻ ശ്രമിച്ചതെന്ന് സായ് പല്ലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഫേസ്ബുക്കിലാണ് സായ് വീഡിയോ പങ്കുവെച്ചത്.

ഓൺലൈനിലുള്ള ഒരുപാട് പേർ ആൾക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്നത് കണ്ടപ്പോൾ അസ്വസ്ഥത തോന്നിയെന്നും മറ്റൊരാളുടെ ജീവനില്ലാതാക്കാനുള്ള അവകാശം ആർക്കും തന്നെയില്ലെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. മെഡിക്കൽ ബിരുദമുള്ള ആളെന്ന നിലയിൽ എല്ലാ ജീവനും തുല്യമാണെന്നും എല്ലാ ജീവനും പ്രാധാന്യമുള്ളതാണെന്നും വിശ്വസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവന്റേയോ അവളുടേയോ ഐഡന്റിറ്റിയിൽ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തിൽ പേടിക്കുന്നതായും ആ സാഹചര്യത്തിലേക്ക് പോകാതിരിക്കാൻ ഏറ്റവും കുറഞ്ഞത് പ്രാർത്ഥിക്കുന്നതായും സായ് പല്ലവി പറഞ്ഞു. പ്രമുഖരും പ്രശസ്തവുമായ പല ആളുകളും വെബ്‌സൈറ്റുകളും അഭിമുഖം മുഴുവൻ കാണാതെ യാഥാർത്ഥ്യം തിരിച്ചറിയാതെ ചെറിയ ഒരു ഭാഗം മാത്രം കണ്ട് വാർത്ത പ്രസിദ്ധീകരിച്ചതിൽ സങ്കടം തോന്നിയതായും താരം പറഞ്ഞു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുന്നതായി പറഞ്ഞ സായ്, എല്ലാവർക്കും സന്തോഷവും സമാധാനവും സ്‌നേഹവും നേരുന്നതായും ആശംസിച്ചു.

Similar Posts