മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായിട്ടുണ്ട് പക്ഷേ, ഞാൻ ഒരിക്കലും അതിന് കാരണക്കാരനായിട്ടില്ല: സുരേഷ് ഗോപി
|വളരെ ആഴത്തിലുള്ള സൗഹൃദങ്ങളാണ് തനിക്ക് സിനിമയിലുള്ളത്
മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. ഏകദേശം ഒരേ കാലത്ത് സിനിമയിലെത്തി ഇപ്പോഴും വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്നവര്‍. തമ്മില്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ് മൂവരും. എന്നാല്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് താൻ കാരണക്കാരൻ ആയിട്ടില്ലെന്നും വ്യക്തമാക്കുകയാണ് സുരേഷ് ഗോപി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.
വളരെ ആഴത്തിലുള്ള സൗഹൃദങ്ങളാണ് തനിക്ക് സിനിമയിലുള്ളത്. വളരെ ആഴത്തിൽ പതിഞ്ഞ സൗഹൃദങ്ങളുണ്ടെന്നും മമ്മൂട്ടി ആണെന്ന് പറഞ്ഞ് ആരെങ്കിലും വന്ന് ഫോൺ തന്നാൽ എഴുന്നേറ്റ് നിന്ന് മാത്രമേ താൻ സംസാരിക്കുകയുള്ളൂവെന്നും മമ്മൂട്ടിയുമായുള്ള ബന്ധത്തിന് ആ ആഴമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ, മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്നും അതിന് താനല്ല കാരണക്കാരനെന്നും കാരണക്കാരനാവുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് വിജയരാഘവനും താനും. തന്‍റെ വല്യേട്ടനാണെങ്കിലും കുട്ടാ എന്നാണ് വിളിക്കുന്നത്. അത്തരത്തിൽ നിരവധി ബന്ധങ്ങൾ സിനിമയിലുണ്ട്. ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞാൽ ചില പേരുകൾ മിസ്സായി പോയെന്ന് ചിലർ പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പാപ്പനാണ് സുരേഷ് ഗോപിയുടെതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. സലാം കാശ്മീരിനു ശേഷം ജോഷിയും സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ആശ ശരത്, കനിഹ, വിജയരാഘവന്‍, ഗോകുല്‍ സുരേഷ്, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആര്‍.ജെ ഷാനിന്‍റെതാണ് തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ. ചിത്രം ജൂലൈ 29ന് തിയറ്ററുകളിലെത്തും.