'സിനിമയില്‍ ഇതുവരെ ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല, വന്നാല്‍ പ്രതികരിക്കും'; രജിഷ വിജയന്
|ലിംഗപരമോ സൗന്ദര്യപരമോ ആയ ഒരു വിവേചനവും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് രജിഷ വിജയന്
സിനിമയില്‍ ഇതുവരെ തനിക്ക് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി രജിഷ വിജയന്. സമത്വവുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നേരിടേണ്ടി വന്നിട്ടില്ല. തനിക്ക് നേരിടേണ്ടി വന്നിട്ടില്ലായെന്ന് പറഞ്ഞതിനര്‍ത്ഥം വേറൊരാള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലായെന്നല്ലെന്നും ഓരോ വ്യക്തിക്കും ഓരോ കഥകളും അനുഭവങ്ങളുമായിരിക്കുമെന്നും രജിഷ പറഞ്ഞു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് രജിഷ സിനിമാ മേഖലയില്‍ നിന്നുള്ള അനുഭവം പങ്കുവെച്ചത്.
'ഈയൊരു നിമിഷം വരെ ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. ലിംഗപരമോ സൗന്ദര്യപരമോ ആയ ഒരു വിവേചനവും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ടിയും വന്നിട്ടില്ല. പ്രതികരിക്കേണ്ട സാഹചര്യമാണെങ്കില്‍ പ്രതികരിക്കുക തന്നെ ചെയ്യും, എന്നാല്‍ ഇതുവരെ അത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല, എന്നും എല്ലാവരും തന്നോട് വളരെ മാന്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത്'; രജിഷ പറഞ്ഞു.
'ലവ്ഫുളി യുവേഴ്സ് വേദ' എന്ന സിനിമയാണ് രജിഷയുടേതായി വരാനിരിക്കുന്ന പുതിയ ചിത്രം. ശ്രീനാഥ് ഭാസി, രജീഷാ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.