ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന സിനിമ; 'ഐ കിൽഡ് ബാപ്പു' പരിശോധിക്കാൻ ചീഫ് ജസ്റ്റിസുമാരുടെ പാനൽ
|സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി
മുംബൈ: ഒ.ടി.ടിയിൽ പ്രദർശനമാരംഭിച്ച ‘ഐ കിൽഡ് ബാപ്പു’ എന്ന സിനിമയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി. രാഷ്ട്രപിതാവിനെ അപകീർത്തിപ്പെടുത്തുന്ന സിനിമ ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതായി ആരോപിച്ച് വ്യവസായി മുഹമ്മദ് അൻസാരിയാണ് ഹരജി നൽകിയത്. സിനിമ പരിശോധിക്കാൻ പാനലിന് രൂപംനൽകണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.
മുൻ ഹൈകോടതി ചീഫ് ജസ്റ്റിസുമാരായ അംജദ് സയ്യദ്, അഭയ് തിപ്സെ, സംവിധായകനും നടനുമായ അമോൽ പലേക്കർ എന്നിവരടങ്ങിയ പാനലിനാണ് രൂപം നൽകിയത്. സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. പാനൽ അംഗങ്ങൾക്കായി സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള ചെലവ് ഹരജിക്കാരൻ വഹിക്കണം.
വിഭജനത്തിന്റെ ഉത്തരവാദിത്തം ഗാന്ധിക്കാണെന്നാണ് സിനിമ പറയുന്നതെന്നും ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ ‘ഹീറോ’ ആക്കുന്നുവെന്നുമാണ് ഹരജിക്കാരന്റെ ആരോപണം. ഗാന്ധിയുടെ പ്രതിഛായ തകർക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ഹരജിയിൽ പറയുന്നു. സിനിമക്കുള്ള സർട്ടിഫിക്കറ്റ് റദ്ദാക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകണമെന്നും പ്രദർശനം തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.