'വാടക വീട്ടിലാണ് താമസം, ബുദ്ധിമുട്ടുകളുണ്ട്'; മനസ്സു തുറന്ന് നടി ഫാത്തിമ സന ശൈഖ്
|" ഒരു മുറിയും അടുക്കളയുമുള്ള വീട്ടിലായിരുന്നു ചെറുപ്പത്തില്‍ താമസിച്ചിരുന്നത്"
എല്ലാ അഭിനേതാക്കളും സമ്പന്നരാണ് എന്ന ധാരണ ശരിയല്ലെന്ന് ദംഗൽ നടിയും ബോളിവുഡ് താരവുമായ ഫാത്തിമ സന ശൈഖ്. ഇപ്പോഴും വാടക വീട്ടിലാണ് താമസമെന്നും ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അവസാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'വരുമാനം കുറവുള്ള മധ്യവർഗ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു മുറിയും അടുക്കളയുമുള്ള വീട്ടിലായിരുന്നു താമസം. ഒരു അപ്പാർട്‌മെന്റിന്റെ പാർക്കിങ് ബേസ്‌മെന്റിലായിരുന്നു അത്. ഇതുവരെ വീട് വാങ്ങിയിട്ടില്ല. വാടക വീട്ടിലാണ് താമസം. ജീവിതത്തിൽ ബുദ്ധിമുട്ടുന്ന സമയത്ത് ആഗ്രഹിച്ച നാഴികക്കല്ലുകളൊക്കെ പിന്നിട്ടിട്ടുണ്ട്. ഇപ്പോഴും ബുദ്ധിമുട്ടുകളുണ്ട്. ' - അവർ പറഞ്ഞു.
'സാമ്പത്തിക സുരക്ഷിതത്വവും ആഡംബരവും ഉണ്ടാകുമ്പോഴാണ് ഒരു അഭിനേത്രി എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാനാകുക. എന്നാൽ ചിലപ്പോൾ ആ ചോയ്‌സ് നിങ്ങൾക്കുണ്ടാകില്ല. എല്ലായ്‌പ്പോഴും മികച്ച അവസരങ്ങൾ കിട്ടാനാണ് ശ്രമിക്കുന്നത്. അതിനായി പൊരുതുക തന്നെ വേണം.' - ഫാത്തിമ സന ശൈഖ് കൂട്ടിച്ചേർത്തു.
ഷാറൂഖ് ഖാന്റെ ആരാധികയാണ് എന്നും എന്നാൽ ആമിർ ഖാനാണ് വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നതെന്നും നടി പറഞ്ഞു. ആമിർ ഖാന്‍റെ രംഗ് ദേ ബസന്തി, പി.കെ, പീപ്‌ലി ലൈവ് തുടങ്ങിയ ചിത്രങ്ങളെല്ലാം വ്യത്യസ്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. നാലു വർഷം മുമ്പ് ദംഗൽ എന്ന ചിത്രത്തിൽ ആമിറും ഫാത്തിമ സന ശൈഖും ഒന്നിച്ചിരുന്നു. ഇരുവരെയും ചുറ്റിപ്പറ്റി പ്രണയാഭ്യൂഹങ്ങളും നിലനിന്നിരുന്നു.
ശ്യാംബഹദൂർ ആണ് നടിയുടെ അടുത്ത ചിത്രം. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശലാണ് നായകൻ. ദംഗൽ താരമായ സാന്യ മൽഹോത്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.