Entertainment
പി.ആർ പ്രചാരണങ്ങളിൽ ശരിക്കും തകർന്നുപോയി; പൃഥ്വിരാജും ആഷിഖ് അബുവും ജയസൂര്യയും അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു- തുറന്നുപറഞ്ഞ് ആക്രമിക്കപ്പെട്ട നടി
Entertainment

പി.ആർ പ്രചാരണങ്ങളിൽ ശരിക്കും തകർന്നുപോയി; പൃഥ്വിരാജും ആഷിഖ് അബുവും ജയസൂര്യയും അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു- തുറന്നുപറഞ്ഞ് ആക്രമിക്കപ്പെട്ട നടി

Web Desk
|
6 March 2022 10:17 AM GMT

''2019ലാണ് ഞാൻ ഇൻസ്റ്റഗ്രാമിൽ ചേർന്നത്. അപ്പോഴും എനിക്ക് മെസേജുകൾ വന്നുകൊണ്ടിരുന്നു; ചത്തുപോയിക്കൂടെ, തൂങ്ങിച്ചത്തുകൂടെ.. എങ്ങനെയാണ് ഇങ്ങനെ ജീവിക്കുന്നത്, നീ ചെയ്തതിനുള്ള പണി നിനക്ക് കിട്ടും... അങ്ങനെ പോകുന്നു ആ മെസേജുകൾ...''

കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിനുശേഷം കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തെക്കുറിച്ചും പ്രതികരിച്ച് നടി. നിരവധി പേർ പിന്തുണയുമായി എത്തിയിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടന്ന നെഗറ്റീവ് പി.ആർ പ്രചാരണങ്ങളിലും കള്ളപ്രചാരണങ്ങളിലും ശരിക്കും തകർന്നുപോയിരുന്നുവെന്ന് നടി പറഞ്ഞു. കോടതിയിൽ വാദത്തിനെത്തിയ 15 ദിവസത്തിനൊടുവിലാണ് താനൊരു ഇരയല്ലെന്നും അതിജീവിതയാണെന്നും സ്വയം തിരിച്ചറിയുന്നതെന്നും അവർ വെളിപ്പെടുത്തി. പ്രമുഖ മാധ്യമപ്രവകർത്തക ബർഖ ദത്തിന്റെ നേതൃത്വത്തിൽ 'മോജോ സ്‌റ്റോറി' യൂടൂബ് ചാനലിൽ We The Women എന്ന തലക്കെട്ടിൽ നടന്ന തത്സമയ ഗ്ലോബൽ ടൗൺഹാളിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ച പോലെ സംഭവിച്ചതിന്റെയെല്ലാം തുറന്നുപറച്ചിലല്ല ഇതെന്ന് നടി ആമുഖമായി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. അതെല്ലാം കോടതിയുടെ മുൻപിലുള്ള കാര്യങ്ങളാണെന്നും അവർ പറഞ്ഞു.

ആ രാത്രിക്കുശേഷം സംഭവിച്ചത്

2017 ഫെബ്രുവരി 17നാണ് അത് സംഭവിച്ചത്. അതിനുശേഷം ഞാൻ കടുത്ത മാനസികസംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. മാനസികമായി കടുത്ത അസ്വസ്ഥതയിലായിരുന്നു. സംഭവത്തിനുശേഷം പലതരം ആലോചനകളാണ് എന്റെ മനസിൽ മാറിമറിഞ്ഞുകൊണ്ടിരുന്നത്.

എന്തുകൊണ്ട് എനിക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായി, എന്തുകൊണ്ട് എനിക്കു തന്നെ ഇത്തരമൊരു സംഭവം നേരിടേണ്ടിവന്നവെന്നെല്ലാം ആലോചിച്ചു. 2015ൽ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പട്ടിരുന്നു. ആ സമയത്ത് അച്ഛനുണ്ടാകുമായിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ലെന്നായിരുന്നു മറ്റൊരു ആലോചന. അടുത്ത ദിവസം ഷൂട്ടിങ്ങുണ്ടാകുമായിരുന്നില്ലെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ലെന്നും ആലോചിച്ചു. അതൊരു രാത്രിമുഴുവൻ നീണ്ട ദുസ്സ്വപ്‌നമാണ്, രാവിലെ എണീറ്റാൽ എല്ലാം സാധാരണ നിലയിലാകുമെന്ന് നിരന്തരം ആലോചിച്ചുകൊണ്ടിരുന്നു.

ആക്രമിക്കപ്പെട്ട നടി, ഇര അങ്ങനെ പലതരം പേരുകളും പ്രചാരണങ്ങളുമായി ഞാൻ സ്വയം പഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ഞാൻ ആലോചിച്ചേടത്തു തന്നെ എത്തി. സ്വയം പഴിക്കാൻ തുടങ്ങും. എല്ലാം എന്റെ പിഴയാണെന്ന് ചിന്തിക്കും.

ഞാൻ എണീറ്റുനിന്നത് അങ്ങനെയാണ്

2020ൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തി. 15 ദിവസം എനിക്ക് തുടർച്ചയായി കോടതിയിൽ പോകേണ്ടിവന്നു. കോടതിയിലുണ്ടായിരുന്ന ആ 15 ദിവസവും മാനസികസംഘർഷങ്ങളടക്കമുള്ള അനുഭവങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ, 15-ാമത്തെ ദിവസം കോടതിയിൽനിന്ന് പുറത്തുവന്നപ്പോഴാണ് ഞാനൊരു അതിജീവിതയാണെന്ന് സ്വയം തിരിച്ചറിയുന്നത്.

എനിക്കിതെല്ലാം അതിജീവിക്കാൻ കഴിയും. എനിക്കുവേണ്ടി മാത്രമായിരിക്കില്ല ഞാനിനി പോരാടാൻ പോകുന്നത്. എനിക്കുശേഷം വരാനിരിക്കുന്ന മുഴുവൻ പെൺകുട്ടികളുടെയും അഭിമാനത്തിനുവേണ്ടി ഞാൻ പോരാടുമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ഇരയല്ല, അതിജീവിതയാണെന്ന് ഞാൻ സ്വയം തിരിച്ചറിയുന്നത്.

ആ അഞ്ചുവർഷത്തെ യാത്ര വളരെ ദുഷ്‌ക്കരമായിരുന്നു എനിക്ക്. സംഭവം നടന്നതിനു പിറകെയും എനിക്ക് പിന്തുണയുമായി നിരവധി പേർ വന്നിരുന്നു. എന്നാൽ, വേറെ ഒരു വിഭാഗം, എന്നെ അറിയുക പോലും ചെയ്യാത്ത പലരും ചാനലുകളിൽ സുഖമായി വന്നിരുന്ന് മറ്റു പലതും പറയാൻ തുടങ്ങി. അവൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, രാത്രി യാത്ര ചെയ്യാൻ പാടില്ലായിരുന്നുവെന്നെല്ലാം പറഞ്ഞു. രാത്രി വെറും ഏഴുമണിയെക്കുറിച്ചാണ് അവർ ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇതേസമയത്ത് നെഗറ്റീവ് പ്രചാരണങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. സംഭവം മുൻകൂട്ടി തയാറാക്കിയതാണ്, ഇത് വ്യാജകേസാണ്, ഞാൻ വ്യാജമായുണ്ടാക്കിയ കേസാണെന്നെല്ലാമായിരുന്നു പ്രചാരണം. ഇതു കണ്ടപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി. ആയിരം കഷണങ്ങളായി ചിന്നിച്ചിതറുന്ന പോലെയായിരുന്നു അത്. ശരിക്കും വേദനാജനകമായിരുന്നു അത്. ഞാൻ എണീറ്റുനിന്ന് ജീവിതത്തെ നേരിടാൻ നിൽക്കുമ്പോഴായിരുന്നു ഇതെല്ലാം.

ഞാൻ അത്തരം കാര്യങ്ങൾ ചെയ്യില്ല. എന്റെ കുടുംബം എന്നെ അങ്ങനെയല്ല വളർത്തിയത്. എന്റെ കുടുംബത്തോടും മാതാപിതാക്കളോടുമുള്ള അവഹേളനമായിരുന്നു അത്. അങ്ങനെ ചെയ്യാൻ പിശാചിന്റെ മനസുള്ളയാളല്ല ഞാൻ. അതുകൊണ്ടൊക്കെത്തന്നെ എന്നെ അതെല്ലാം ശരിക്കും വേദനിപ്പിച്ചു.

ഇൻസ്റ്റഗ്രാമിലും തുടരുന്ന അധിക്ഷേപം

സംഭവം നടന്ന സമയത്ത് ഭാഗ്യം കൊണ്ട് ഞാൻ സോഷ്യൽ മീഡിയയിലുണ്ടായിരുന്നില്ല. പിന്നീട് 2019ലാണ് ഞാൻ ഇൻസ്റ്റഗ്രാമിൽ ചേർന്നത്. അപ്പോഴും എനിക്ക് മെസേജുകൾ വന്നുകൊണ്ടിരുന്നു; ചത്തുപോയിക്കൂടെ, തൂങ്ങിച്ചത്തുകൂടെ.. എങ്ങനെയാണ് ഇങ്ങനെ ജീവിക്കുന്നത്, നീ ചെയ്തതിനുള്ള പണി നിനക്ക് കിട്ടും... അങ്ങനെ പോകുന്നു ആ മെസേജുകൾ...

പിന്നീട് മാസങ്ങൾക്കുശേഷമാണ് ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തുന്നത്. അപ്പോഴാണ് എല്ലാ കാര്യങ്ങളും പറഞ്ഞ് ഒരു കുറിപ്പിടണമെന്ന് തോന്നിയത്. എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളും അറിയണമെന്ന് തോന്നി. അങ്ങനെയാണ് ആ കുറിപ്പ് എഴുതിയിട്ടത്. അതു പങ്കുവച്ചപ്പോൾ ശരിക്കുമൊരു ആശ്വാസമാണ്, എല്ലാ വേദനകളുടെയും വികാരങ്ങളുടെയും വിരേചനമായാണ് തോന്നിയത്.

പോരാടണമെന്ന ആഗ്രഹമാണ് ഇപ്പോഴും ഇങ്ങനെ നിലനിർത്തുന്നത്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് തെളിയിക്കേണ്ടതുണ്ട്.

കോടതിയിലുള്ള ആ 15 ദിവസം ശരിക്കും ഏകാന്തത അനുഭവപ്പെട്ട ദിനങ്ങളായിരുന്നു. ഇത് എന്റെ കേസാണ്, ഞാൻ തന്നെ സ്വയം ജയിക്കേണ്ട കേസാണെന്നെല്ലാം എനിക്ക് അപ്പോൾ തോന്നി. ഇപ്പോഴും ഭയമുണ്ട്, ദുഃഖമുണ്ട്, സങ്കടമുണ്ട്, വേദനയുണ്ട്. ഈ സിസ്റ്റം എങ്ങനെയാണ് ഈ കേസ് കൈകാര്യം ചെയ്യുകയെന്ന കാര്യത്തിൽ എനിക്ക് വ്യക്തതയില്ല.

ഇപ്പോൾ മലയാളം സ്‌ക്രിപ്റ്റുകളും കേട്ടുതുടങ്ങിയിട്ടുണ്ട്

തുറന്നുപറഞ്ഞതിന് ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഒരുപാട് സിനിമകളും അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോഴും ഒരുപാട് സുഹൃത്തുക്കൾ പിന്തുണയുമായെത്തി. തിരിച്ചുവരണമെന്ന് പറഞ്ഞു.

പൃഥ്വിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ എന്നിവരെല്ലാം എന്നെ സമീപിച്ച് ഒരുപാട് അവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. തിരിച്ചുവരണമെന്ന് അവരെല്ലാം ആവശ്യപ്പെട്ടു.

എല്ലാം ഞാൻ തട്ടിക്കളയുകയായിരുന്നു, കഴിഞ്ഞ അഞ്ചുവർഷത്തോളമായി. എനിക്ക് ഈ അനുഭവങ്ങളെല്ലാമുണ്ടായ അതേ ഇൻഡസ്ട്രിയിലേക്ക് തിരിച്ചുപോകാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല. അതേസമയം, മറ്റ് ഭാഷകളിലെ ഇൻഡസ്ട്രിയിൽ ജോലി തുടരുകയും ചെയ്തു. ഇപ്പോൾ മലയാളം സ്‌ക്രിപ്റ്റുകളും കേട്ടുതുടങ്ങിയിട്ടുണ്ട്.

ഭർത്താവ്, കുടുംബം, പ്രേക്ഷകർ എല്ലാവർക്കും നന്ദിയുണ്ട്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ച പ്രതികരണവും മനസിൽ തൊടുന്നതായിരുന്നു. പലയിടത്തുനിന്നും കാണുമ്പോൾ അവർ പിന്തുണ അറിയിക്കുകയും ആലിംഗനം ചെയ്യുകയുമെല്ലാം ചെയ്യുമായിരുന്നു.

Summary: ''I was really broken and shattered with the negative PR campaigns on social media'', says the survivor actress about sexual assault case

Similar Posts