''ഒരിക്കല്‍ ഞാനും അച്ഛനെപ്പോലെ പ്രശസ്തനാകും'' എട്ടുവയസുകാരന്‍ പുനീത് അന്ന് പറഞ്ഞു
|ഒരു മാഗസിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്
പ്രശസ്തനായ അച്ഛന്‍റെ പ്രശസ്തനായ മകന്‍...അതിലുപരി മനുഷ്യസ്നേഹി..വിട പറഞ്ഞ പുനീത് രാജ്കുമാറിനെക്കുറിച്ച് പറയുമ്പോള്‍ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഇപ്പോഴും കണ്ണുകള്‍ നിറയും. ഹൃദയാഘാതം മൂലം പുനീത് ഈ ലോകത്തു നിന്നും മാഞ്ഞിട്ട് വെറും പത്തു ദിവസമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ വിയോഗം തീര്‍ത്ത ഞെട്ടലില്‍ നിന്നും പ്രിയപ്പെട്ടവരാരും ഇതുവരെ മുക്തരായിട്ടില്ല. പുനീത് അഭിനയിച്ച സിനിമകള്‍, ഗാനരംഗങ്ങള്‍, കാരുണ്യപ്രവര്‍ത്തനങ്ങള്‍, പഴയ അഭിമുഖങ്ങള്‍ അങ്ങനെ താരത്തെക്കുറിച്ചുള്ളവയെല്ലാം സോഷ്യല്‍മീഡിയയില്‍ ഇങ്ങനെ നിറയുകയാണ്. പുനീതിന് എട്ടു വയസായിരിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖമാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു മാഗസിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കന്നഡയിലെ പ്രശ്സത നടനായ അച്ഛന്‍ രാജ്കുമാറിനെ പോലെ താനും ഒരിക്കല്‍ പ്രശസ്തനാകുമെന്നാണ് അപ്പു പറയുന്നത്. ഹിന്ദിയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ അമിതാഭ് ബച്ചനാണെന്ന് പറയുന്ന പുനീത് കന്നഡയിലെ ഇഷ്ടതാരം അനന്ത നാഗ് ആണെന്നും പറയുന്നുണ്ട്. കുങ് ഫു സിനിമകളാണ് അപ്പുവിന്‍റെ ഇഷ്ടസിനിമകള്‍. എന്‍റര്‍ ദ ഡ്രാഗണ്‍, എന്‍റര്‍ ദ നിഞ്ച, കുങ് ഫു ഓഫ് ദ സെവന്‍ സ്റ്റെപ്പ്സ് എന്നിവയാണ് കൊച്ചു പുനീതിന്‍റെ ഇഷ്ടപ്പെട്ട കുങ് ഫു ചിത്രങ്ങള്‍.
ഡോ.രാജ്കുമാറിനെ അപേക്ഷിച്ച് അമിതാഭ് ബച്ചൻ മികച്ച നടനാണോ എന്ന് അഭിമുഖം നടത്തുന്നയാൾ ചോദിച്ചപ്പോൾ ദയവായി അത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്നായിരുന്നു പുനീതിന്‍റെ പക്വതയോടെയുള്ള മറുപടി. ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഡോക്ടറാകുമെന്നും വിദേശത്ത് സ്ഥിരതാമസമാക്കുമെന്നും അവിടെ കന്നഡ സിനിമകൾ ചെയ്യുമെന്നും ജീവിതകാലം മുഴുവൻ ബാച്ചിലറായി തുടരുമെന്നുമായിരുന്നു പുനീത് പറഞ്ഞത്. എന്നാല്‍ താന്‍ ഒരിക്കല്‍ പ്രശസ്തനാകുമെന്നും അഭിമുഖത്തില്‍ എട്ടുവയസുകാരനായ പുനീത് പറയുന്നുണ്ട്.
അഭിമുഖം പ്രസിദ്ധീകരിച്ച് രണ്ടു വര്‍ഷത്തിന് ശേഷം ബെട്ടാഡ ഹൂവു എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് പതിനൊന്നോളം ചിത്രങ്ങളില്‍ പുനീത് അഭിനയിച്ചു. 1989ല്‍ അഭിനയത്തിന് ഇടവേള നല്‍കിയ പുനീത് 2002ല്‍ അപ്പു എന്ന ചിത്രത്തില്‍ നായകനായി സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്തു.