'സിഐഡി മൂസ 2'വിൽ ഞാൻ ഉണ്ടാവില്ല, രണ്ടാം ഭാഗം വേണ്ടെന്ന പക്ഷക്കാരനാണ് ഞാൻ: സലിം കുമാർ
|കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ചിരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞിരുന്നു
കൊച്ചി: മലയാളികളെ പൊട്ടിച്ചിരിയില്‍ ആറാടിച്ച ചിത്രമായിരുന്നു സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്,ഭാവന,ഒടുവില്‍ ഉണ്ണികൃഷ്ണന്,ജഗതി,സലിം കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്നിരുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ചിരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ താനുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സലിം കുമാര്‍.
രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താൻ എന്നാണ് സലിം കുമാർ പറയുന്നത്. ''രണ്ടാം ഭാഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ല ഇപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ'' എന്നാണ് സലിം കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
സിഐഡി മൂസയിൽ ഒരു ഭ്രാന്തന്റെ റോളിലാണ് സലിം കുമാർ എത്തിയത്. ഇപ്പോഴും ട്രോളുകളില്‍ നിറയുന്ന വേഷമാണിത്. 'മൂസ ഉടനെത്തുന്നു. സിഐഡി മൂസയുടെ 20 വര്‍ഷങ്ങള്‍' എന്നാണ് ദിലീപ് കുറിച്ചത്. ഈയിടെ സംവിധായകന് ജോണി ആന്റണിയും ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു. മൂസയും കൂട്ടരും വീണ്ടുമെത്തുമ്പോള്‍ ചിത്രത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പല കലാകാരന്മാരും ഇന്നില്ല എന്നതും ദുഃഖകരമാണ്. അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിന്റെ അഭാവമാണ് ഒന്ന്. കൊച്ചിന് ഹനീഫ,ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്, മുരളി ,സുകുമാരി,പറവൂര്‍ ഭരതന് എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമാകും.
2003 ജൂലൈ 4നാണ് സിഐഡി മൂസ തിയറ്ററുകളിലെത്തിയത്. ഉദയ് കൃഷ്ണ-സിബി കെ.തോമസിന്റെ തിരക്കഥയില്‍ ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. ഭാവനയായിരുന്നു നായിക. ആശിഷ് വിദ്യാര്‍ഥിയാണ് വില്ലനായി എത്തിയത്. ഹരിശ്രീ അശോകന്,സലിം കുമാര്‍, ഇന്ദ്രന്‍സ്,ബിന്ദു പണിക്കര്‍,വിജയരാഘവന്, കുഞ്ചന്‍,അബു സലിം തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. നായകന് ദിലീപ് തന്നെയാണ് സിഐഡി മൂസ നിര്‍മിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.