ഡബ്ല്യു.സി.സി ഇല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിനു കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു, ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഞെട്ടലാകും: ഇന്ദ്രൻസ്
|'ആക്രമിക്കപ്പെട്ട നടി മകളെ പോലെയാണ്, സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുക?'
ഡബ്ല്യു.സി.സി (വുമൺ ഇൻ സിനിമ കളക്ടീവ്) എന്ന സംഘടന ഇല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിനു കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു എന്ന് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്‍റെ പ്രതികരണം.
ഡബ്ല്യു.സി.സി എന്നൊരു സംഘടന ഇല്ലായിരുന്നു എങ്കിൽ പോലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമായിരുന്നു. ഇതിനേക്കാൾ കൂടുതൽ ആളുകളുടെ പിന്തുണ കിട്ടുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്'- അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനക്ക് ചെറുക്കാനാകും? സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. സ്ത്രീ എന്നും പുരുഷനെക്കാള്‍ മുകളിലാണെന്നും അത് തിരിച്ചറിയാത്തവരാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂ.സി.സിയുടെ പ്രവർത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിനായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
അതേസമയം ആക്രമിക്കപ്പെട്ട നടിയെ ചെറുപ്പം തൊട്ടേ അറിയാമെന്നും മകളെ പോലൊണെന്നും അദ്ദേഹം പറഞ്ഞു. സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുക. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രൻസ് പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയുംസംസാരിച്ചിട്ടില്ല. ഈ സംഭവത്തോടുകൂടി സിനിമാമേഖലയിൽ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.