'കൂ...കൂ...കൂ'; രഞ്ജിത്തിനെതിരെ ഈണത്തിൽ കൂവി ഹരീഷ് പേരടി, പിന്നാലെ കുരയും
|ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കുറയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവനയാണ് വിവാദമായത്
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു രഞ്ജിത്തിനെതിരെ ഹരീഷ് രംഗത്തെത്തിയത്. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിതിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് വീഡിയോ തുടങ്ങുന്നത്.
തുടർന്ന് ദേവാസുരത്തിലെ 'വന്ദേ മുകുന്ദ ഹരേ' എന്ന പാട്ടിന്റെ ഈണത്തിൽ ഹരീഷ് കൂവി. പിന്നാലെ രണ്ടുമൂന്ന് തവണ കുരച്ചതിന് ശേഷം മേലാൽ ഈ തെമ്മാടിത്തരം ആവർത്തിക്കരുത് എന്ന താക്കീതും നൽകിയ ശേഷമാണ് ഹരീഷ് വീഡിയോ അവസാനിപ്പിച്ചത്. ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കുറയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് ഹരീഷ് രംഗത്തെത്തിയത്.
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് രഞ്ജിത്തിന് കൂവൽ നേരിടേണ്ടി വന്നത്. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികൾ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ, എസ്എഫ്‌ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. 1976ൽ എസ്എഫ്‌ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകൾ പ്രതിഷേധം ഉയർത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓൺലൈൻ ബുക്കിങ്ങിലെയും പരാതികൾ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.