നിറഞ്ഞൊഴുകി പ്രദർശനവേദികൾ; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗംഭീര തുടക്കം
|ഫലസ്തീൻ ജനതയോടുള്ള കേരളത്തിന്‍റെ ഐക്യദാർഢ്യമാണ് ചലച്ചിത്രമേള എന്ന് ഉദ്ഘാടന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പ്രദർശനവേദികൾ നിറഞ്ഞൊഴുകി രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനം. ഫലസ്തീൻ ജനതയോടുള്ള കേരളത്തിന്‍റെ ഐക്യദാർഢ്യമാണ് ചലച്ചിത്രമേള എന്ന് ഉദ്ഘാടന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഗുഡ്ബൈ ജൂലിയ പ്രേക്ഷക പ്രശംസ നേടി.
ആദ്യദിനം വിവിധ വേദികളിലായി 11 സിനിമകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. പ്രധാന വേദിയായ ടാഗോർ തിയറ്ററിൽ അടക്കം വലിയ ജനത്തിരക്കുണ്ടായി. ഇറ്റാലിയൻ ചിത്രമായ 'കിഡ്നാപഡ്' ആയിരുന്നു ടാഗോറിലെ ആദ്യ പ്രദർശനം.
പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള കേരളത്തിന്‍റെ ഐക്യദാർഢ്യമാണ് 28-ാമത് ഐ.എഫ്.എഫ്.കെക്ക് ലോകത്തോട് പറയാനുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിലെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ചലച്ചിത്ര മേഖലയിലെ അതുല്യ പ്രതിഭകളുടെ സംഗമവേദിയായിരുന്നു ഉദ്ഘാടനചടങ്ങ്. നാനാ പഠേക്കർക്കും റസൂൽ പൂക്കുട്ടിക്കും സദസ്സ് നൽകിയത് വൻ വരവേൽപ്പായിരുന്നു. കലാപകാലത്തെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ കുറിച്ച് പറയുന്നതായിരുന്നു ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ.
വരുന്ന ഒരാഴ്ചക്കാലം ചലച്ചിത്രോത്സവത്തിന്റെ വേദികളിൽ ലോകസിനിമ കേരളത്തോട് സംവദിക്കും, കേരളം ലോകത്തോടും.
Summary: The first day of the international film festival was filled with audience in theaters