IFFK
നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല; കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകൾ-ബേല താർ
IFFK

നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല; കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകൾ-ബേല താർ

Web Desk
|
16 Dec 2022 4:00 PM GMT

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇത്തവണ ബേല താറിനാണ് നൽകിയത്

തിരുവനന്തപുരം: ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസമെന്ന് ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ ബേല താർ. ഇതുവരെ നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ലെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നും അദ്ദേഹം വിമർശിച്ചു. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ബേല 'മാധ്യമ'ത്തിനു നൽകിയ അഭിമുഖത്തിലാണ് കടുത്ത കമ്മ്യൂണിസ്റ്റ് വിമർശനം നടത്തിയത്. മേളയിൽ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ബേല താറിനാണ് നൽകിയത്.

കമ്മ്യൂണിസത്തെ നെഞ്ചോടു ചേർത്തുപിടിച്ച എന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പിൽക്കാലത്ത് ഞാൻ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളിൽ തിരിഞ്ഞുനടക്കാൻ പഠിച്ചത്-അദ്ദേഹം വെളിപ്പെടുത്തി.

''ഇന്നുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും മനുഷ്യത്വ ധ്വംസനങ്ങൾക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസം ലോകനേതാക്കൾ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാർക്‌സിസവും എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഇവരിൽ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ല.''

'കമ്മ്യൂണിസത്തിന്റെ ഒപ്പംവരുന്നതാണ് ഏകാധിപത്യം'

കമ്മ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ അറിയാമോ? എനിക്കറിയില്ല. ചൈനയുടെ പേര് നിങ്ങൾ പറയുമായിരിക്കും. പക്ഷേ, ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്ട്രീയ പാർട്ടിയുടെ ബാനറിൽ കമ്മ്യൂണിസം ഉണ്ടെന്നു കരുതി ഭരണത്തിൽ ആ തഴമ്പില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്കു കാരണം മുതലാളിത്തമാണെന്ന് ഞാൻ പറയും.

കമ്മ്യൂണിസത്തിലൂടെ തകർന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിരതന്നെ നമുക്ക് മുന്നിലില്ലേ... പോളണ്ട്, ഹംഗറി, ഈസ്റ്റ് ജർമനി, റഷ്യ... സോഷ്യലിസത്തിൽ കെട്ടിപ്പൊക്കിയ യു.എസ്.എസ്.ആറിന്റെ ഗതിയെന്തായി? പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണ്.

കമ്മ്യൂണിസത്തിന്റെ ഒപ്പംവരുന്നതാണ് ഏകാധിപത്യം. സ്റ്റാലിൻ മുതൽ കിം ജോങ് ഉൻ വരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികൾ. ഭരണം നേടിയെടുക്കാൻ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാൽ വിശ്വാസദർശനങ്ങൾ നിഷ്‌കാസനും ചെയ്തും പദ്ധതികൾ നടപ്പാക്കിയ കമ്മ്യൂണിസത്തിന്റെ വളർച്ച ചരിത്രത്തിലെ കറുത്ത ഏടാണ്.

കേരള സർക്കാർ എന്റെ രാഷ്ട്രീയത്തിനല്ല പുരസ്‌കാരം സമ്മാനിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. എന്റെ സിനിമകൾക്കാണെന്നാണ് വിശ്വാസം. എന്റെ രാഷ്ട്രീയം ഈ സർക്കാർ അംഗീകരിച്ചതുകൊണ്ടാണല്ലോ പുരസ്‌കാരം നൽകുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനു കീഴിൽ ഇത്തരം ചലച്ചിത്രമേളകൾ സംഘടിപ്പിക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്. ഇവിടെ വിമർശനത്തിനും പ്രതിഷേധങ്ങൾക്കും വിലക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുരസ്‌കാരം സ്വീകരിക്കാൻ അവശതയിലും താനെത്തിയതെന്നും ബേല താർ കൂട്ടിച്ചേർത്തു.

Summary: ''I have never met a good communist and all communists are criminals'', says Hungarian director Bela Tarr

Similar Posts