ഇളയരാജയുടെ ജീവചരിത്ര സിനിമ വരുന്നൂ; നായകനായി ധനുഷ്
|കമൽ ഹാസൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവചരിത്ര സിനിമയായ 'ഇളയരാജ'യുടെ ഒഫീഷ്യൽ ലോഞ്ച് ചെന്നൈയിൽ നടന്നു. കമൽ ഹാസൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു. പോസ്റ്ററിൽ ഇളയരാജയുടെ വേഷത്തിൽ ധനുഷിനെ കാണാം. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.
കണക്ട് മീഡിയ, പി.കെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവരുടെ ബാനറിൽ ശ്രീറാം ഭക്തിസരൻ, സി.കെ. പത്മ കുമാർ, വരുൺ മാതുർ, ഇളംപരീതി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവരാണ് നിർമാണം. ഡി.ഒ.പി - നീരവ് ഷാ, പ്രൊഡക്ഷൻ ഡിസൈൻ - മുത്തുരാജ്.
ലോഞ്ചിങ് ഇവന്റിൽ ഇളയരാജയോടൊപ്പം സംവിധായകരായ വെട്രിമാരനും ത്യാഗരാജ കുമാരരാജനും സിനിമ മേഖലയിലെ മറ്റു പ്രമുഖരും പങ്കെടുത്തു.
ഈ നിമിഷം എനിക്ക് പൂർണതയുടേതായി മാറുകയാണെന്ന് നടൻ ധനുഷ് പറഞ്ഞു. കുട്ടിക്കാലം മുതൽ ഇളയരാജ സാറിന്റെ മെലഡി ഗാനങ്ങളായിരുന്നു തനിക്ക് പ്രിയപ്പെട്ടത്. തന്റെ മാർഗവെളിച്ചമായി എപ്പോഴും ഇളയരാജ സർ ഉണ്ടാകും. അദ്ദേഹത്തെ ചിത്രത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നു എന്നത് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നും ധനുഷ് പറഞ്ഞു.
ഗുണ എന്ന ചിത്രത്തിലെ 'കണ്മണി അൻബോട് കാതലൻ' എന്ന ഗാനത്തെക്കുറിച്ച് കമൽ ഹാസൻ വാചാലനായി. ധനുഷിന് എല്ലാവിധ ആശംസകളും കമൽ ഹാസൻ നേർന്നു. പി.ആർ.ഒ - ശബരി.