സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിൽ ഹൈക്കോടതി സ്‌റ്റേ
|സ്റ്റേജ് പെർഫോമൻസുമായി ബന്ധപ്പെട്ട പണമിടപാടിൽ കരാർ പാലിച്ചില്ലെന്നാണ് കേസ്
കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോൺ സമർപ്പിച്ച ഹർജിയിലാണ് നടപടി. സ്റ്റേജ് പെർഫോർമൻസുമായി ബന്ധപ്പെട്ട പണമിടപാടിൽ കരാർ പാലിച്ചില്ലെന്നാണ് കേസ്. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിൻറെ പരാതിയിൽ സണ്ണി ലിയോൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലൻറൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നായിരുന്നു താരത്തിൻറെ ആവശ്യം. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജി നൽകിയത്. എറണാകുളം ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യം.
30 ലക്ഷം രൂപക്ക് 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്‌മ ക്ലബ് 69 ന്‍റെ പേരിൽ ദാദു ഓഷ്‌മയെന്ന വ്യക്തിയാണ് സമീപിച്ചതെന്നും 2018 ഫെബ്രുവരി 14 ന് 15 ലക്ഷം രൂപ മുൻകൂർ തന്നെന്നുമാണ് ഹരജിയിൽ പറയുന്നത്. പിന്നീട് ഷോ നടത്തുന്നത് ഏപ്രിൽ 27 ലേക്ക് മാറ്റണമെന്ന് പറഞ്ഞ സംഘാടകർ മഴയുടെ പേരിൽ മേയ് 26 ലേക്ക് മാറ്റണെമന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇതും സമ്മതിച്ചു.
ഈ ഘട്ടത്തിലാണ് കേരളത്തിലും ബഹറൈനിലുമായി നടക്കുന്ന സണ്ണി ലിയോൺ ഷോയുടെ ചീഫ് കോ ഓഡിനേറ്ററാണെന്ന് പറഞ്ഞ് ഷിയാസ് കുഞ്ഞുമുഹമ്മദ് രംഗത്തു വന്നത്. പലതവണ ഷോയുടെ തീയതിയും സ്ഥലവും മാറ്റി. കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിന്നീടു തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി.
ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലൈൻറൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായില്ല. ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരെൻറയും സംഘത്തിന്റയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ് കേസിനിടയാക്കിയത്. ഈ സാഹചര്യത്തിൽ തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.