Entertainment
ഇൻഡിഗോ രാജ്യത്തെ ഏറ്റവും മോശം എയര്‍ലൈന്‍സ്; ട്വീറ്റുമായി റാണ ദഗ്ഗുബതി
Entertainment

'ഇൻഡിഗോ രാജ്യത്തെ ഏറ്റവും മോശം എയര്‍ലൈന്‍സ്'; ട്വീറ്റുമായി റാണ ദഗ്ഗുബതി

Web Desk
|
6 Dec 2022 2:06 PM GMT

താരത്തിന്‍റെ ട്വീറ്റ് ചർച്ചയായതോടെ ഖേദം പ്രകടിപ്പിച്ച് എയർലൈൻസ് രംഗത്തുവരികയും ചെയ്തു

ന്യൂഡൽഹി: തന്‍റെ എക്കാലത്തെയും മോശം എയർലൈൻ അനുഭവം പങ്കുവെച്ച് നടൻ റാണ ദഗ്ഗുബതി. ഇൻഡിഗോ എയർലൈൻസിന്‍റെ ലോഗോ പങ്കുവെച്ചാണ് ഇന്ത്യയിലെ ഏറ്റവും മോശം ഏയർലൈൻസ് അനുഭവം എന്ന് റാണ കുറിച്ചത്. ഇൻഡിഗോയ്ക്ക് ഫ്ലൈറ്റ് സമയത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നും തന്‍റെ കാണാതായ ലഗേജ് ട്രാക്ക് ചെയ്യാനോ അതിനെ കുറിച്ച് എയർലൈന്‍ ജീവനക്കാർക്കോ ഒരു സൂചനയുമില്ലായിരുന്നുവെന്നുമാണ് റാണ ട്വീറ്റ് ചെയ്തത്.

താരത്തിന്‍റെ ട്വീറ്റ് ചർച്ചയായതോടെ ഖേദം പ്രകടിപ്പിച്ച് എയർലൈൻസ് രംഗത്തുവരികയും ചെയ്തു. റാണക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും ലഗേജ് എത്രയും വേഗം എത്തിക്കാൻ ഞങ്ങളുടെ ടീം വേഗത്തില്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഇൻഡിഗോ ട്വീറ്റിന് മറുപടി നൽകി. മോശം അനുഭവം നേരിട്ടതിന് പിന്നാലെ ഇൻഡിഗോയുടെ പ്രൊമോഷണൽ ട്വീറ്റുകള്‍ക്കും റാണ കമന്‍റ് ചെയ്തിരുന്നു.

നേരത്തെ ഇൻഡിഗോയിലെ ജീവനക്കാർ വിമാനത്തിൽ നിന്നുമുള്ള പെട്ടികള്‍ ഒരു കണ്ടെയ്‌നറിലേക്ക് അശ്രദ്ധമായി ഓഫ്‌ലോഡ് ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ ലഗേജുകൾ തെറ്റായി കൈകാര്യം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ഇൻഡിഗോയും രംഗത്ത് വന്നു. അടുത്തിടെ നടി പൂജ ഹെഗ്‌ഡെയും ഇന്‍ഡിഗോക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇൻഡിഗോ ജീവനക്കാരന്‍റെ മോശം പെരുമാറ്റത്തിനെതിരെയാണ് പൂജ രംഗത്തുവന്നത്. ഇന്‍ഡിഗോയിലെ ഉദ്യോഗസ്ഥന്‍ അഹങ്കാരവും അവഞ്ജ നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സ്വരത്തിലാണ് സംസാരിച്ചത് എന്നാണ് പൂജ പറഞ്ഞത്. തുടര്‍ന്ന് പൂജയോടും ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു.

Similar Posts