'മന്ത്രിയോട് പിണക്കമൊന്നുമില്ല, മുമ്പേ ജനിച്ചത് കൊണ്ട് പുതിയ തലമുറയെ പോലെ സൂക്ഷ്മതയുണ്ടാവില്ല'; ബോഡി ഷെയ്മിങ് വിവാദത്തില്‍ ഇന്ദ്രന്‍സ്
|മന്ത്രി വി.എന്‍ വാസവന് വേദിയിലിരിക്കെയാണ് ഇന്ദ്രന്‍സ് ബോഡി ഷെയ്മിങ് വിവാദത്തില്‍ വീണ്ടും പ്രതികരണം അറിയിച്ചത്
പാമ്പാടി: മന്ത്രി വി.എന്‍ വാസവന്റെ ശാരീരികാധിക്ഷേപ പരാമര്‍ശങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടന് ഇന്ദ്രന്‍സ്. മന്ത്രിയോട് പിണക്കമൊന്നുമില്ലെന്നും മുമ്പേ ജനിച്ചത് കൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നത് പോലെ ചിലപ്പോള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കോട്ടയം പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികത്തിലാണ് ഇന്ദ്രന്‍സ് ബോഡി ഷെയ്മിങ് വിവാദത്തില്‍ പ്രതികരണം അറിയിച്ചത്. മന്ത്രി വി.എന്‍ വാസവന് വേദിയിലിരിക്കെയാണ് ഇന്ദ്രന്‍സ് ബോഡി ഷെയ്മിങ് വിവാദത്തില്‍ വീണ്ടും പ്രതികരണം അറിയിച്ചത്.
ഒരുകാലത്ത് ഇതുപോലെയൊക്കെയല്ലേ അടയാളപ്പെടുത്തിയിരുന്നതും പറഞ്ഞതുമെന്നും ഇന്ദ്രന്‍സ് തുടര്‍ന്നു. ഇനി ശ്രദ്ധയോടെ സൂക്ഷിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത്. കലാകേരളത്തിന്റെ അഭിമാനമാണ് ഇന്ദ്രന്‍സ് എന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു.
2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു രാജ്യത്തെ കോൺഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമർശം. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തിയെന്നായിരുന്നു വാസവൻ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരാമർശം പിൻവലിക്കുകയും സഭാരേഖകളിൽനിന്ന് നീക്കാൻ സ്പീക്കറോട് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തത്.