Entertainment
Innocent Junior and Sonnet arrive to see Mamuka one last time
Entertainment

മാമുക്കയെ അവസാനമായൊന്നു കാണാന്‍ ഇന്നസെന്‍റ് ജൂനിയറും സോണറ്റുമെത്തി

Web Desk
|
28 April 2023 5:13 AM GMT

മലയാള സിനിമയിലെ എക്കാലത്തേയും ഹാസ്യ സാമൃാട്ടുകളായ മാമുക്കോയയും ഇന്നസെന്റും ഒരു മാസത്തെ ഇടവേളയിലാണ് വിടപറഞ്ഞത്

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയെ അവസാനമായി ഒരു നോക്കു കാണാൻ നടൻ ഇന്നസെന്റിന്റെ മകൻ സോണറ്റും കൊച്ചുമകൻ ഇന്നസെന്റ് ജൂനിയറുമെത്തി. ഇടവേള ബാബുവിനൊപ്പമാണ് ഇരുവരും കോഴിക്കോട്ടെ മാമുക്കോയയുടെ വീട്ടിലെത്തിയത്. മലയാള സിനിമയിലെ എക്കാലത്തേയും ഹാസ്യ സാമൃാട്ടുകളായ മാമുക്കോയയും ഇന്നസെന്റും ഒരു മാസത്തെ ഇടവേളയിലാണ് വിടപറഞ്ഞത്. കഴിഞ്ഞ മാർച്ച് 26 നായിരുന്നു ഇന്നസെന്റിന്റെ മരണം. അതേസമയം മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ മരണാന്തര ചടങ്ങുകളിൽ താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കൾ പറഞ്ഞു. 'വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി പോകുന്നതിനോട് ഉപ്പാക്കും താല്പര്യമുണ്ടായിരുന്നില്ല' എന്നാണ് മക്കൾ പറഞ്ഞത്. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുല് റഷീദും പറഞ്ഞു.

മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു ഇന്നലെ പറഞ്ഞിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നുമാണ് വിനു പറഞ്ഞത്. 'മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ.

എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു'- എന്നാണ് അദ്ദേഹം പ്രതികരിച്ചത്

Similar Posts