Entertainment
Irfan Pathan and Son, Pathan Movie, SRK

ഇര്‍ഫാന്‍ പത്താനും മകനും, ഷാറൂഖ് ഖാന്‍

Entertainment

'അവൻ നിങ്ങളെക്കാൾ വലിയവനായിരിക്കുന്നു': ഇർഫാൻ പത്താന്റെ മകന്റെ ഡാൻസും, ഷാറൂഖിന്റെ മറുപടിയും

Web Desk
|
23 March 2023 5:49 AM GMT

പ്രമുഖരും അല്ലാത്തവരുമായ ഒരു നീണ്ട നിര തന്നെ പത്താന്‍ ഗാനത്തിന് ചുവടുവെച്ചുകഴിഞ്ഞു

മുംബൈ: ഷാറൂഖ് ഖാന്റെ പത്താൻ തീർത്ത തരംഗം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പത്താൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ 'ജോ മേ ജോ പത്താൻ' എന്ന ഗാനത്തിന് ചുവടുവെക്കുകയാണ്. പ്രമുഖരും അല്ലാത്തവരുടേതുമായ ഒരു നിര തന്നെ ഈപാട്ടിന് ചുവടുവെച്ചിട്ടുണ്ട്. അതിലേക്കിപ്പോഴിതാ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ മകനും എത്തിയിരിക്കുന്നു.

ഇർഫാൻ യൂട്യൂബിൽ പാട്ട് വെച്ചുകൊടുത്തപ്പോള്‍ മൊബൈൽ ഫോണുമെടുത്ത് മകന്‍ ഡാൻസ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. നിങ്ങളുടെയൊരു ആരാധകനിതാ എന്ന് രേഖപ്പെടുത്തി ഷാറൂഖ് ഖാനെ ടാഗ് ചെയ്തുകൊണ്ടാണ് ഇർഫാൻ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഉടൻതന്നെ കിങ്ഖാന്റെ മറുപടിയും എത്തി. അവൻ നിങ്ങളെക്കാൾ വലിയവനായിരിക്കുന്നു, ലിറ്റിൽ പത്താൻ എന്നായിരുന്നു ഷാറൂഖ് ഖാന്റെ മറുപടി. ഏതായാലും മറുപടിയും കുഞ്ഞുപത്താന്റെ ഡാൻസുമെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇന്നലെ പങ്കുവെച്ച വീഡിയോക്ക് ഇതിനകം പതിനാറ് ലക്ഷം കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു.

ഇപ്പോഴും വീഡിയോ തരംഗം തീർക്കുകയാണ്. അതേസമയം ആമസോൺ പ്രൈമിൽ 'പത്താന്റെ' സ്ട്രീമിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചത്രത്തിന് ലഭിക്കുന്നത്. ആയിരം കോടിയിലേറെ ചിത്രം കളക്ട് ചെയ്തതതിന് ശേഷമാണ് ആമസോൺ പ്രൈമിൽ എത്തിയത്. തുടർ പരാജയങ്ങൾക്ക് ശേഷമാണ് ഒരു ഷാറൂഖ് ഖാൻ ചിത്രം ബോക്‌സ്ഓഫീസിൽ പണംവാരുന്നത്. സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയതും പത്താന് നേട്ടമായി.

Similar Posts