'അങ്ങനെയൊക്കെ കാണാവോ കുഞ്ഞേ... അതൊക്കെ പൊളിറ്റിക്കലി കറക്ടാണോ?'; മാധ്യമപ്രവർത്തകയെ തിരുത്തി മമ്മൂട്ടി
|നൻപകൽ നേരത്ത് മയക്കം എന്ന സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും മമ്മൂട്ടി
അവാർഡ് സിനിമകൾ എന്ന പ്രയോഗം പൊളിറ്റിക്കലി കറക്ടല്ലെന്ന് നടൻ മമ്മൂട്ടി. നൻപകൽ നേരത്ത് മയക്കം എത് തരത്തിലുള്ള സിനിമയാണെന്ന് ചോദിച്ച മാധ്യമപ്രവർത്തകയെ തിരുത്തിയാണ് മമ്മൂട്ടിയുടെ പ്രതികരണം.
''ഇപ്പോൾ അവാർഡ് സിനിമകൾ വേറെ, മറ്റു സിനിമകൾ വേറെ എന്ന ഒന്നുണ്ടോ കുഞ്ഞേ...അങ്ങനെയൊക്കെ കാണാവോ... മോശമല്ലേ...അതൊക്കെ പൊളിറ്റിക്കലി കറക്ടാണോ?''- മമ്മൂട്ടി ചോദിച്ചു. അവാർഡ് സിനിമയെന്നത് പഴയ പ്രയോഗമാണ്. എല്ലാ സിനിമയും എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടാൻ കഴിയുകയില്ല. എല്ലാ പ്രേക്ഷകർക്കും വേണ്ടിയാണ് സിനിമ എടുക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ജനുവരി 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജെയിംസായും സുന്ദരമായും മമ്മൂട്ടി നിറഞ്ഞാടുന്നുണ്ട്. സിനിമയ്ക്കായി പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുകയാണ്. നേരത്തെ ഐ.എഫ്.എഫ് കെയിൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വമ്പൻ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.