ഫലസ്തീന് ഐക്യദാർഢ്യം; ഇസ്രായേലി നടി അറസ്റ്റിൽ
|ഹോളിവുഡ് ചിത്രം 'വേൾഡ് വാർ ഇസെഡ്', അടുത്തിടെ പുറത്തിറങ്ങിയ ബ്രിട്ടീഷ് സീരീസ് 'ബഗ്ദാദ് സെൻട്രൽ' ഉൾപ്പെടെയുള്ളവയിൽ വേഷമിട്ടിട്ടുണ്ട് മൈസ അബ്ദുൽഹാദി
തെൽ അവീവ്: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് അറബ്-ഇസ്രായേലി നടി അറസ്റ്റിൽ. ഇസ്രായേലിലെ പ്രമുഖ സമൂഹിക പ്രവർത്തക കൂടിയായ മൈസ അബ്ദുൽഹാദിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിൽ ഹമാസിനെ പിന്തുണച്ചുവെന്ന് ആരോപിച്ചാണു നടപടി.
നസറേത്ത് സ്വദേശിയാണ് മൈസ. ഇന്നു രാവിലെ നസറേത്തിലെ വീട്ടിൽനിന്നാണ് ഇസ്രായേൽ പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. 'നമുക്ക് ബെർലിൻ മാതൃക പിടിക്കാം' എന്ന അടിക്കുറിപ്പോടെ അവർ ഇസ്രായേലിനും ഗസ്സയ്ക്കുമിടയിൽ തകർന്ന അതിർത്തിവേലിയുടെ ചിത്രം പങ്കുവച്ചിരുന്നു നടി. ഇത് ബെർലിൻ മതിൽ തകർത്ത മാതൃകയിൽ ഗസ്സ-ഇസ്രായേൽ അതിർത്തിയിലെ വേലികൾ തകർക്കാനുള്ള പ്രേരണയാണിതെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ വനിതയുടെ ചിത്രം പങ്കുവച്ചുള്ള പോസ്റ്റും വിമർശനത്തിനിടയാക്കിയിരുന്നു. താരത്തിനെതിരെ ഇസ്രായേൽ നടൻ ഒഫെർ ഷെക്ടർ രംഗത്തെത്തി. താങ്കളെ ഓർത്തു ലജ്ജിക്കുന്നുവെന്ന് ഒഫെർ പ്രതികരിച്ചു. താങ്കൾ ഇപ്പോഴും നസറേത്തിലാണു ജീവിക്കുന്നത്. നമ്മുടെ ടെലിവിഷൻ ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടു നമുക്കിട്ടു തന്നെ പണിയുകയാണെന്നും നടൻ വിമർശിച്ചു.
നിരവധി ഇസ്രായേൽ ചിത്രങ്ങളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട് മൈസ അബ്ദുൽഹാദി. ഹോളിവുഡ് ചിത്രമായ 'വേൾഡ് വാർ ഇസെഡ്', അടുത്തിടെ പുറത്തിറങ്ങിയ ബ്രിട്ടീഷ് സീരീസ് 'ബഗ്ദാദ് സെൻട്രൽ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും അവർ വേഷമിട്ടിട്ടുണ്ട്.
Summary: Arab Israeli actress Maisa Abd Elhadi detained for allegedly supporting Hamas