അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുന്നത് ഏതൊരു കുട്ടിക്കും ബുദ്ധിമുട്ടാണ്: ശില്‍പ ഷെട്ടി
|''കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു റോളർ കോസ്റ്റർ പോലെയാണ് അമ്മയുടെ ജീവിതം''
ബോളിവുഡ് സൂപ്പർ താരം ശിൽപ ഷെട്ടിയുടെ മാതാവ് സുനന്ദ ഷെട്ടി ഏതാനും ദിവസങ്ങളായി ആശുപത്രിയിലാണ്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സുനന്ദ ഷെട്ടി ചികിത്സയിൽ കഴിയുന്നത്. ഇപ്പോഴിതാ അമ്മയുടെ ആശുപത്രി വാസത്തെ കുറിച്ചുള്ള മനോവിഷമം പങ്കുവെക്കുകയാണ് മകളും ബോളിവുഡ് സൂപ്പർ താരവുമായ ശിൽപ ഷെട്ടി.
അമ്മയുടെ ഈ അവസ്ഥ കണ്ടു നിൽക്കുക അസഹ്യമാണെന്ന് ശിൽപ ട്വീറ്റ് ചെയ്തു. അമ്മ ഏറെ ശക്തയായ സ്ത്രീയാണെന്നും സർജറി വിജയകരമായി പൂർത്തിയായെന്നും ശിൽപ പറയുന്നു. എന്നാൽ സർജറിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അമ്മയുടെ സർജറി ചെയ്ത ഡോക്ടർ രാജീവ് ഭാഗവതിനെ പ്രശംസിച്ചാണ് ശിൽപയുടെ ട്വീറ്റ്. അമ്മ ആശുപത്രയിൽ കഴിയുമ്പോൾ മക്കൾക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും ശിൽപയുടെ കുറിപ്പില്‍ പറയുന്നുണ്ട്.
''അച്ഛനമ്മമാർ സർജറിക്ക് വിധേയമാകുന്നത് കണ്ടുനിൽക്കുകയെന്നത് ഏതൊരു കുട്ടിയെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ എന്റെ അമ്മയിൽ നിന്ന് ഞാൻ എന്തെങ്കിലും അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് അമ്മയുടെ ധൈര്യവും പോരാട്ട വീര്യവുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു റോളർ കോസ്റ്റർ പോലെയാണ് അമ്മയുടെ ജീവിതം. പക്ഷെ എന്റെ ഹീറോയും ഹീറോയുടെ ഹീറോയും എല്ലാം ഭംഗിയാക്കി. വളരെ നന്ദി, ഡോ. രാജീവ് ഭഗവത്, അമ്മയുടെ ശസ്ത്രക്രിയയ്ക്ക് മുമ്പും ശസ്ത്രക്രിയയുടെ സമയത്തും ശേഷവും അമ്മയെ ഇത്രയും നന്നായി പരിപാലിച്ചതിന്. നാനാവതിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും പരിചരണത്തിനും ഹൃദയം നിറഞ്ഞ നന്ദി...''