അവാർഡ് വെക്കാൻ നഞ്ചിയമ്മക്ക് അടച്ചുറപ്പുള്ളൊരു വീടായി
|തനിക്ക് ലഭിച്ച അവാർഡുകള്‍ പോലും സുക്ഷിച്ചുവക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ലെന്ന് നഞ്ചിയമ്മ പല തവണ പറഞ്ഞിട്ടുണ്ട്
ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാം. അട്ടപ്പാടി നക്കുപതി ഊരിലെ വീട്ടിൽ കഴിഞ്ഞിരുന്ന നഞ്ചിമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നല്ലൊരു വീട്. തനിക്ക് ലഭിച്ച അവാർഡുകള്‍ പോലും സുക്ഷിച്ചുവക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ലെന്ന് നഞ്ചിയമ്മ പല തവണ പറഞ്ഞിട്ടുണ്ട്.
ഈ ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് ഫിലോകാലിയ ഫൗണ്ടേഷൻ. മൂന്നുമാസം മുൻപ് ആരംഭിച്ച വീട് പണി പൂർത്തികരിച്ച് ഇന്നലെ നഞ്ചിയമ്മ വീട്ടിൽ താമസം ആരംഭിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മ സിനിമയിലേക്കെത്തുന്നത്. ഈ സിനിമയിലെ ഗാനത്തിനായിരുന്നു നഞ്ചിയമ്മക്ക് ദേശിയ പുരസ്കാരം ലഭിച്ചത്.
നഞ്ചിയമ്മക്ക് ദേശിയ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് വിവാദങ്ങള്‍ ഉയർന്നിരുന്നെങ്കിലും ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നതെന്നായിരുന്നു നഞ്ചിയമ്മയുടെ പ്രതികരണം. നഞ്ചിയമ്മയെ പിന്തുണച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.