'ഐഷ സുൽത്താനയ്ക്ക് ഷൂട്ട് ചെയ്യാനായി എല്ലാ സഹായവും ചെയ്തുകൊടുത്തത് ബി.ജെ.പിയാണ്'; നിർമാതാവ് ബീന കാസീം
|'ഫ്ലഷ്' ജൂൺ 16ന് റിലീസ് ചെയ്യുമെന്ന് നിർമാതാവ് ബീന കാസിം പറഞ്ഞു
കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത 'ഫ്ലഷ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി എല്ലാ സഹായവും ചെയ്ത് കൊടുത്തത് ബി.ജെ.പി ആണെന്ന് നിർമാതാവ് ബീന കാസീം. കോവിഡ് സമയത്ത് സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിൽ തടസങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാൽ ചിത്രീകരണത്തിന് അനുമതി നേടി തന്നത് ബി.ജെ.പി ആണെന്നും ബീന പറഞ്ഞു.
24 ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്ത ഷൂട്ട് 40 ദിവസം നീണ്ട് പോയതെന്നും ഇത് നിർമാതാവെന്ന നിലയിൽ തനിക്ക് സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കിയെന്നും തന്നോട് പറഞ്ഞിരുന്ന കഥയായിരുന്നില്ല ഐഷ സിനിമയിൽ ചിത്രീകരിച്ചിരുന്നത്. ഐഷ സുൽത്താനയുടെ രാഷ്ട്രീയ താൽപര്യങ്ങള്‍ക്കനുസരിച്ച് സിനിമയെ മാറ്റിയെന്നും നിർമാതാവ് ആരോപിച്ചു.
ലക്ഷദ്വീപിൽ നിന്നും ഒരു സംവിധായക ഉണ്ടാകണമെന്നേ താൻ ആഗ്രഹിച്ചിരുന്നുള്ളു. സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ സിനിമ മേഖലയിൽ നിർമാണവും സംവിധാനവും അടക്കം സ്ത്രീകള്‍ ചെയ്യുന്ന ഒരു സിനിമ ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും നിർമാതാവ് കൂട്ടിച്ചേർത്തു.
'ലക്ഷദ്വീപിലെ ആളുകള്‍ വിശ്വാസ വഞ്ചന കാണിക്കാത്ത നിഷ്കളങ്കരായ ആളുകളാണ്. എന്നാൽ ഐഷ സുൽത്താന എന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. കേരളത്തിൽ നിന്നുള്ള ഒരു സംവിധായിക ആയിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ എന്നും ചിത്രീകരണം നിരീക്ഷിക്കുമായിരുന്നു'- ബീന കാസിം.
ഫ്ലഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന നേരത്തെ രംഗത്ത് വന്നിരുന്നു. ബീനാ കാസിമിന്‍റെ ഭർത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പിവത്കരിക്കാൻ നിൽക്കണ്ടെന്നും ബി.ജെ.പിയെ പൊക്കിപ്പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ടെന്നും ആണ് ഐഷ ഫേസ്ബുക്കില്‍ കുറിച്ചത്.