'ആ പത്രവാര്‍ത്തയാണ് സൗദി വെള്ളക്കയായി മാറിയത്'; കഥ പിറന്ന കഥ പറഞ്ഞ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
|ഒരു വെള്ളക്കയെ ചുറ്റിപ്പറ്റിയാണ് 'സൗദി വെള്ളക്ക' സിനിമ നടക്കുന്നത്
'സൗദി വെള്ളക്ക' എന്ന സിനിമയുടെ കഥക്ക് കാരണമായത് ഒരു പത്ര വാര്‍ത്തയാണെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. 2016ല്‍ കണ്ട ഒരു വാര്‍ത്ത 2021 വരെ ആവേശം കെടാതെ തുടര്‍ന്നപ്പോഴാണ് സിനിമ സംഭവിച്ചതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. പ്രേക്ഷകരെ രസിപ്പിക്കാനായി സിനിമയില്‍ കുറച്ചു സാങ്കല്‍പ്പികമായ കാര്യങ്ങളും ചേര്‍ത്തിട്ടുണ്ട്. പക്ഷേ ഇതിന്‍റെ കാതല്‍ അന്നു പേപ്പര്‍ കട്ടിംഗില്‍ വായിച്ച അതേ വിഷയം തന്നെയാണെന്നും തരുണ്‍ പറഞ്ഞു.
ഒരു വെള്ളക്കയെ ചുറ്റിപ്പറ്റിയാണ് 'സൗദി വെള്ളക്ക' സിനിമ നടക്കുന്നത്. കൊച്ചി തേവരപ്പാലത്തിനപ്പുറമുള്ള സൗദിയെന്ന പ്രദേശത്തെ ഒരു കേസിന് കോടതിയില്‍ കിട്ടിയ വിളിപേരാണ് സൗദി വെള്ളക്ക. 12 വര്‍ഷത്തെ വിസ്താരത്തിനൊടുവില്‍ 2016ല്‍ അതിന്‍റെ വിധിയെത്തി. ആ വാര്‍ത്ത വന്ന പത്ര കട്ടിംഗില്‍ നിന്നാണ് ഈ സിനിമ തുടങ്ങുന്നതെന്ന് തരുണ്‍ പറയുന്നു. തേങ്ങയുടെ ഏറ്റവും ചെറിയ രൂപമാണ് വെള്ളക്ക. സൗദിയിലെ തെങ്ങിലുണ്ടായിരുന്ന ഒരു വെള്ളക്ക കുറേ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് 'സൗദി വെള്ളക്ക'യുടെ പ്രമേയം.
ലുഖ്മാന്‍ നായകനായ 'സൗദി വെള്ളക്ക' ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. 'ഓപ്പറേഷൻ ജാവ'യുടെ വമ്പൻ വിജയത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൗദി വെള്ളക്ക'. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ ലഭിച്ചതുള്‍പ്പടെ നിരവധി ദേശീയ-അന്തർ ദേശീയാംഗീകാരം നേടിക്കൊണ്ടാണ് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഉർവ്വശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമിക്കുന്നത്.
സിദ്ധാർഥ് ശിവ, ബിനു പപ്പു, വിൻസി അലോഷ്യസ്, ഗോകുലൻ, റിയ സെയ്‌റ, ധന്യ, തുടങ്ങിയ പ്രമുഖ താരങ്ങളും ധാരാളം പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം ഒരു സാമൂഹിക ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.