![ഇത് പുതിയൊരു പരീക്ഷണം; മോഹന്‍ലാലിന്റെ ലക്കി സിംഗിന് കയ്യടി ഇത് പുതിയൊരു പരീക്ഷണം; മോഹന്‍ലാലിന്റെ ലക്കി സിംഗിന് കയ്യടി](https://www.mediaoneonline.com/h-upload/2022/10/21/1326566-mon.webp)
'ഇത് പുതിയൊരു പരീക്ഷണം'; മോഹന്‍ലാലിന്റെ ലക്കി സിംഗിന് കയ്യടി
മോൺസ്റ്ററിൽ ഹണി റോസ് ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് തിയറ്ററുകളിൽ നിന്നുള്ള പ്രേക്ഷക പ്രതികരണം
മലയാളത്തിൽ നിന്ന് ആദ്യത്തെ 100 കോടി നേടിയ 'പുലിമുരുകൻ' ടീം ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച മോൺസ്റ്റർ ശ്രദ്ധേയമെന്ന് പ്രതികരണങ്ങൾ. മലയാളത്തിൽ ഏറെ പുതുമയുള്ളൊരു പ്രമേയത്തെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ സിനിമയിൽ അവതരിപ്പിച്ചു എന്നതാണ് മോൺസ്റ്ററിന് കയ്യടി നേടിക്കൊടുത്തത്. മോഹൻലാൽ-വൈശാഖ്-ഉദയകൃഷ്ണ കോമ്പോ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഒരു പക്കാ ആക്ഷൻ മാസ് ചിത്രം തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ മോൺസ്റ്റർ തികച്ചും അപ്രതീക്ഷിത അനുഭവമാണ് പ്രേക്ഷകര്‍ക്ക് നൽകിയിരിക്കുന്നത്.
പുതിയൊരു പ്രമേയത്തെ ധൈര്യപൂർവ്വം അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു സർദാർ കഥാപാത്രമായി രസകരമായ അഭിനയമാണ് സിനിമയുടെ ആദ്യ ഭാഗത്ത് മോഹൻലാലിന്റേത്. ലാൽ ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിൽ കളിചിരികൾ നിറഞ്ഞ ആദ്യഭാഗത്തിന് ശേഷം ഒരു പക്കാ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിലേക്കാണ് ചിത്രം നീങ്ങുന്നത്. പുലിമുരുകനുമായി യാതൊരു തരത്തിലും സാമ്യമില്ലാത്ത ചിത്രം തന്നെയാണിതെന്നാണ് ആദ്യ പ്രതികരണവും. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ. ഏറെ ഗ്രിപ്പിങ്ങായ കഥയെ വൈശാഖ് എന്ന ഹിറ്റ് മേക്കർ തഴക്കം വന്നൊരു സംവിധായക മികവോടെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുമുണ്ട്.
നടി ഹണി റോസിന്റെ പ്രകടനമാണ് ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊന്ന്. മലയാളത്തിൽ അധികം സിനിമകളിൽ ഒരു നടിയെന്ന നിലയിൽ ശരിയായ രീതിയിൽ താരത്തെ ഉപയോഗപ്പെടുത്തിയില്ല. എന്നാൽ മോൺസ്റ്ററിൽ ഹണി ശരിക്കും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് തിയറ്ററുകളിൽ നിന്നുള്ള പ്രേക്ഷക പ്രതികരണം. അതോടൊപ്പം തന്നെ ലക്ഷ്മി മഞ്ജു, സിദ്ദിഖ്, ലെന, ഗണേഷ് കുമാർ, സുദേവ് നായർ തുടങ്ങിയ താരങ്ങളുടേതും ശ്രദ്ധേയ പ്രകടനമാണ്. കഥാഗതിക്ക് അനുയോജ്യമായ രീതിയിലാണ് സതീഷ് കുറുപ്പിന്റെ ക്യാമറയും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും. അതോടൊപ്പം ദീപക് ദേവ് ഒരുക്കിയ പഞ്ചാബി ശൈലിയിലുള്ള മലയാള ഗാനവും അതിലെ മോഹൻലാലിന്റെയും ആറു വയസ്സുകാരിയായ ജെസ് സ്വീജൻ എന്ന കുട്ടിയുടെയും ചടുലമായ ഡാൻസും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ് ഫൈറ്റാണ് മറ്റൊന്ന്. ഈ പ്രായത്തിലും അസാധ്യ മെയ് വഴക്കത്തോടെയുള്ള മോഹൻലാലിന്റെ ഫൈറ്റിന് തിയറ്ററിൽ കയ്യടികൾ ഉയരുന്നുമുണ്ട്