നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി
|ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
നടി നയന്‍താരക്കും സംവിധായകന് വിഘ്നേഷ് ശിവനും പ്രണയസാഫല്യം. നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി. ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കില്‍ നടന്ന സ്വപ്നതുല്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.
രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജനീകാന്ത്, കമല്ഹാസന്, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാന്, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന് മണിരത്നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. വിവാഹചിത്രങ്ങള്‍ ഉച്ചക്ക് ശേഷം പുറത്തുവിടും. വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവൻ മാധ്യമങ്ങളെ കാണുകയും വിവാഹ തിയതി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂൺ 9 ഉച്ചക്ക് ഷേഷം വിവാഹചിത്രങ്ങള്‍ ചിത്രങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സിനിമാസ്റ്റൈലിലായിരിക്കും വിവാഹം നടക്കുകയെന്നും സംവിധായകന് ഗൗതം മേനോനാണ് ചടങ്ങ് ഒരുക്കുകയെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. വിവാഹചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്ലിക്സിനാണ് നല്‍കിയിരിക്കുന്നത്.
2015 നൗനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്നേഷിന്റെ സംവിധാനത്തില്‍ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലെ നായികയും നയന്‍താരയായിരുന്നു.
മലയാളിയായ ഡയാന കുര്യന് എന്ന നയന്‍താര സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായതോടെയാണ് നടിയുടെ സിനിമാജീവിതം തന്നെ മാറിമറിയുന്നത്. തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെയെല്ലാം നായികയാകാന്‍ നയന്‍സിന് സാധിച്ചു. ഗ്ലാമറസ് റോളുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എന്ന വിമര്‍ശനം ഉണ്ടായെങ്കിലും പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ തന്റെ താരപദവി നയന്‍സ് തിരിച്ചുപിടിച്ചു. ആരാധകര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോള്‍ഡാണ് നയന്‍സിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മലയാള ചിത്രം.