കോവിഡ് പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കി, വിതരണം ചെയ്ത് ജാക്വിലിന് ഫെര്‍ണാണ്ടസ്
|ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ് തന്റെ 'യു ഒണ്‍ലി ലൈവ് വണ്‍സ്' ന്റെ നേതൃത്വത്തില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്
കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലയുകയാണ് രാജ്യം. പല സംസ്ഥാനങ്ങളും ലോക്ഡൌണുകള് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. കോവിഡിനൊപ്പം രോഗം തീര്‍ക്കുന്ന പ്രതിസന്ധിയിലും വലയുകയാണ് പൊതുജനം. സിനിമാതാരങ്ങളും എന്‍.ജി.ഒകളുമൊക്കെ സഹായമെത്തിക്കാന്‍ മുന്നില്‍ തന്നെയുണ്ട്. ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ് തന്റെ 'യു ഒണ്‍ലി ലൈവ് വണ്‍സ്' ന്റെ നേതൃത്വത്തില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. എന്‍.ജി.ഒകളുമായി സഹകരിച്ചാണ് ഫൌണ്ടേഷന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ ദിവസം റൊട്ടി ബാങ്ക് എന്ന സംഘടനക്ക് വേണ്ടി ജാക്വിലിന് മുംബൈയില്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തിരുന്നു. റൊട്ടി ബാങ്ക് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ ജാക്വിലിനും രംഗത്തെത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
''വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോള്‍ അവിടെ സമാധാനം തുടങ്ങുന്നു. ഇന്ന് മുംബൈയിലെ റൊട്ടിബാങ്ക് സന്ദര്‍ശിച്ച ഞാന്‍ അതിലേക്ക് ആകൃഷ്ടയായി. മുംബൈ മുന്‍ പൊലീസ് കമ്മീഷണറായ എസ്. സദാനന്ദനാണ് ഇത് നടത്തുന്നത്. മഹാമാരിയുടെ സമയത്ത് പട്ടിണി കിടക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് റൊട്ടി ബാങ്ക് ഭക്ഷണം വിതരണം ചെയ്തു. കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അവര്‍. അവരെ ഈ സമയത്ത് സഹായിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു'' ജാക്വിലിന് കുറിച്ചു.