ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ക്രിമിനല്‍ ഗൂഢാലോചനയുടെ ഇരയെന്ന് അഭിഭാഷകന്‍
|നടി വഞ്ചിക്കപ്പെട്ടതാണെന്നും തട്ടിപ്പിന് ഇരയായതാണെന്നുമുള്ള കാര്യം അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ല
മുംബൈ- നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തട്ടിപ്പിനിരയായതാണെന്നും വലിയ ഗുഢാലോചനയുടെ ഇരയാണെന്നും അഭിഭാഷകന്‍. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി ജാക്വിലിനെ കൂടി പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.
ജാക്വിലിന്‍ എല്ലായ്‌പ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിക്കുകയും ഇന്നുവരെ പുറപ്പെടുവിച്ച എല്ലാ സമൻസുകളിലും ഹാജരാകുകയും ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു. നടി വഞ്ചിക്കപ്പെട്ടതാണെന്നും തട്ടിപ്പിന് ഇരയായതാണെന്നുമുള്ള കാര്യം അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ല. അസത്യമായ ആരോപണങ്ങളുടെ പേരില്‍ വിചാരണ ചെയ്യുന്നത് നീതിയാവില്ലെന്നും തന്‍റെ പക്കലുള്ള എല്ലാ വിവരങ്ങളും അവര്‍ കൈമാറിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് ഇ.ഡി കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്. തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പുകാരനാണെന്ന് ജാക്വലിന് അറിയാമായിരുന്നുവെന്നും ഇ.ഡി പറയുന്നു. വീഡിയോ കോളിലൂടെ ജാക്വലിൻ ഫെർണാണ്ടസ് സുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ വെളിപ്പെടുത്തുന്നു. നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി സുകേഷും സമ്മതിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോഴും സുകേഷ് ജാക്വിലിനുമായി നിരന്തരം സംസാരിച്ചിരുന്നു.
52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു.