സുകേഷുമൊത്തുള്ള സ്വകാര്യചിത്രം പുറത്ത്; 200 കോടി തട്ടിപ്പിൽ നടി ജാക്വിലിന് പങ്ക്?
|കോടതിയിലെ വാദത്തിനിടെ സുകേഷിന്റെ അഭിഭാഷകൻ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് വാദിച്ചിരുന്നു.
മുംബൈ: നടി ലീന മരിയ പോൾ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് പങ്കെന്ന് സൂചന. ലീനയുടെ പങ്കാളിയും തട്ടിപ്പിന്റെ സൂത്രധാരനുമായ സുകേഷ് ചന്ദ്രശേഖറുമൊത്തുള്ള ജാക്വിലിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നു. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ചിത്രം. തങ്ങൾ തമ്മിൽ ബന്ധമില്ലെന്നും തട്ടിപ്പ് നടത്താനായി സുകേഷ് തന്റെ പേര് ഉപയോഗിക്കുകയായിരുന്നു എന്നുമായിരുന്നു നടിയുടെ വാദം.
കേസിൽ ഇടക്കാല ജാമ്യത്തിലിരിക്കെ ഏപ്രിൽ-ജൂൺ മാസങ്ങളിൽ എടുത്തതാണ് ചിത്രം. ജാക്വിലിൻ സെൽഫിയെടുക്കുന്ന മൊബൈൽ ഫോണായ ഐഫോൺ 12 സുകേഷിന്റെ കൈവശമുണ്ടായിരുന്നതാണ്. ഇസ്രയേൽ സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ച ഈ ഫോൺ ഉപയോഗിച്ചാണ് സുകേഷ് ജയിലിൽ നിന്ന് തട്ടിപ്പ് നടത്തിയത്.
ചെന്നൈയിൽ വച്ച് നാലു തവണ ഇരുവരും കണ്ടെന്നും ഒരിക്കൽ സ്വകാര്യ ജെറ്റ് വരെ ജാക്വിലിനായി സുകേഷ് ഏർപ്പാടാക്കി എന്നുമാണ് ഇഡി പറയുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ജാക്വിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. നേരത്തെ, ഒന്നിലേറെ തവണ കേസിൽ നടിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, സുകേഷിന്റെ അഭിഭാഷകൻ ആനന്ദ് മാലിക് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് വാദിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സുകേഷുമായോ ലീനയുമായോ ഒരുതരത്തിലുമുള്ള ബന്ധവുമില്ലെന്ന് ജാക്വിലിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. കേസിലെ സാക്ഷിയെന്ന നിലയിൽ മൊഴിയെടുക്കാൻ മാത്രമാണ് നടിയെ വിളിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. ഈ വാദത്തെ ദുർബലപ്പെടുത്തുന്നതാണ് ഇരുവരും തമ്മിൽ പുറത്തുവന്ന ഫോട്ടോ.
പൂക്കളും ചോക്കളേറ്റുകളും സമ്മാനം
മറ്റൊരു കേസിൽ തിഹാർ ജയിലിൽ കഴിയവെയാണ് സുകേഷ് നടിയെ ബന്ധപ്പെട്ടത്. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാൾ ജാക്വിലിനെ വിളിച്ചിരുന്നത്. വിളിക്കായി ക്രേസി കാൾസ് എന്ന ആപ്ലിക്കേഷനാണ് ഇയാൾ ഉപയോഗിച്ചിരുന്നത് എന്നാണ് ഇഡി പറയുന്നത്. നടിക്ക് വിശ്വാസം വന്നതോടെ വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നൽകുകയും ചെയ്തു. ഇയാൾ ജയിലിൽ നിന്ന് നടത്തിയ ഫോൺ സംഭാഷണ റെക്കോർഡുകൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിയെടുത്തത്. തട്ടിപ്പു നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.
രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി അമ്പത് കോടിയുടെ ഇടപാടും ഇയാൾ ഉണ്ടാക്കിയിരുന്നു. പാർട്ടി ഗ്രൂപ്പ് പോരിൽ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ 'കൈക്കൂലി' നൽകാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിൽ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.
ഈ കേസിൽ തിഹാർ ജയിലിൽ കഴിയവെയാണ് ഇയാൾ 200 കോടിയുടെ തട്ടിപ്പ് നടത്തിയത്. ഫോർടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെയാണ് ഇയാൾ ഫോൺ വഴി ആദ്യം ബന്ധപ്പെട്ടത്. നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയ ശേഷം ജയിലിൽ കഴിയുന്ന ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിക്കാം എന്ന് ഭാര്യയ്ക്ക് വാഗ്ദാനം നൽകുകയായിരുന്നു. ഇതിനായി അദിതിയിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.
സുകേഷും ഭാര്യയും നടിയുമായ ലീന മരിയ പോളും ചെന്നൈയിലെ ബംഗ്ലാവിൽ ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് ഇഡി പറയുന്നത്. റോൾസ് റോയ്സ് ഘോസ്റ്റ്, ബെന്റ്ലി, ഫെറാറി, ലംബോർഗിനി, മെഴ്സിസഡ് എന്നിവ അടക്കം 16 കാറുകളാണ് ബംഗ്ലാവിൽ ഇഡി കണ്ടെത്തിയിരുന്നത്. മലയാളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ലീനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മൊക്കോക്ക) അനുസരിച്ചാണ് സുകേഷിനും ലീനയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ റിമാൻഡിലാണ് ലീന. 2009 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് ലീന സിനിമ ലോകത്തെത്തിയത്. തുടർന്ന് ഹസ്ബന്റ്സ് ഇൻ ഗോവ (2012), കോബ്ര (2012) ബിരിയാണി (2013) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.