കറിയാച്ചനായി ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമയിലേക്ക്
|ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.
നടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ തിരിച്ചുവരവ്. സംവിധായകൻ കുഞ്ഞുമോൻ താഹയാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. കറിയാച്ചൻ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.
ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്‍റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്‍റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്‍റെ പിതാവാണ്, ജഗതിയുടെ കറിയാച്ചൻ. ജഗതിയുടെ വീടിന് പുറമേ കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്ന് സംവിധായകൻ പറഞ്ഞു. ജഗതിയെ തീമഴ തേൻമഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും സംവിധായകന്‍ കുഞ്ഞുമോൻ താഹ കൂട്ടിച്ചേര്‍ത്തു.
ജഗതി ശ്രീകുമാറിനും കോബ്രാ രാജേഷിനും പുറമേ മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ, ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.