Entertainment
ജയ് ഭീം വിവാദം: നടൻ സൂര്യയ്ക്കും സംവിധായകനുമെതിരായ എഫ്.ഐ.ആർ മദ്രാസ് ഹൈക്കോടതി റദ്ദാക്കി
Entertainment

ജയ് ഭീം വിവാദം: നടൻ സൂര്യയ്ക്കും സംവിധായകനുമെതിരായ എഫ്.ഐ.ആർ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Web Desk
|
11 Aug 2022 2:07 PM GMT

സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനും വണ്ണിയാർ സംഘം നേരത്തെ നോട്ടീസ് അയച്ചിരുന്നു

'ജയ് ഭീം' എന്ന തമിഴ് സിനിമയിൽ വണ്ണിയർ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടൻ സൂര്യ ശിവകുമാറിനും സംവിധായകൻ ടി ജെ ജ്ഞാനവേൽരാജയ്ക്കും എതിരെ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എൻ സതീഷ്‌കുമാറാണ് എഫ്.ഐ.ആർ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രം വണ്ണിയാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വാദിച്ച് നഗരത്തിലെ രുദ്ര വണ്ണിയർ സേനയുടെ അഭിഭാഷകൻ കെ സന്തോഷാണ് സൈദാപേട്ടയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനെ സമീപിച്ചത്. പിന്നീട് സിനിമാ നിർമ്മാതാവിനും നടനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.

സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനും വണ്ണിയാർ സംഘം നേരത്തെ നോട്ടീസ് അയച്ചിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിർമാതാക്കൾ മാപ്പുപറയണമെന്നും നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമായിരുന്നു ആവശ്യം. മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നൽകാത്ത പക്ഷം സൂര്യയെ റോഡിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും വണ്ണിയാർ സമുദായ നേതാവ് അരുൾമൊഴി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ വിശദീകരണവുമായി സംവിധായകൻ ജ്ഞാനവേൽ തന്നെ രംഗത്തെത്തിയിരുന്നു. സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നടൻ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സംവിധായകൻ അഭ്യർത്ഥിച്ചു.

ചിത്രത്തിലെ ഗുരുമൂർത്തി എന്ന വില്ലനായ പൊലീസുകാരൻ വണ്ണിയാർ സമുദായക്കാരനാണെന്ന് വരുത്തി തീർക്കാൻ സ്റ്റേഷന്റെ ഭിത്തിയിൽ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടർ തൂക്കിയെന്നായിരുന്നു ആരോപണം. എന്നാൽ ഇത് ഒരു സമുദായത്തെക്കുറിച്ചുള്ള പരാമർശമായി വായിക്കപ്പെടുമെന്ന് അറിയില്ലായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. 1995 എന്ന വർഷത്തെ സൂചിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ചിത്രീകരണത്തിനിടയിലോ പോസ്റ്റ്- പ്രൊഡക്ഷൻ സമയത്തോ, കുറച്ച് നിമിഷങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന കലണ്ടർ ഫൂട്ടേജ് ശ്രദ്ധയിൽപെട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

Similar Posts