'ജയ് ഭീം സിനിമക്ക് സി.പി.എമ്മുമായി ഒരു ബന്ധവുമില്ല'; തുറന്നുപറഞ്ഞ് യഥാര്‍ത്ഥ നായകന് ജസ്റ്റിസ് ചന്ദ്രു
|ജയ്ഭീം സിനിമ കണ്ടതിന് ശേഷം കേരളത്തിലെ രണ്ട് മന്ത്രിമാരും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും വിളിച്ചിരുന്നതായും ജസ്റ്റിസ് ചന്ദ്രു
ജയ് ഭീം സിനിമയ്ക്കോ അതിന് ആസ്പദമായ സംഭവത്തിനോ സി.പി.എമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു. 1988ല്‍ സി.പി.എമ്മുമായുള്ള ബന്ധം അവസാനിച്ചതാണെന്നും 1993ലാണ് രാജാക്കണ്ണ് സംഭവം നടക്കുന്നതെന്നും ചന്ദ്രു പറഞ്ഞു.
'ഞാനൊരു സ്വതന്ത്രൃ മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. പോട്ട, ടാഡ കേസുകളിലെല്ലാം ഇടപ്പെട്ടു. 1988 ഓടെ സി.പി.എമ്മുമായുള്ള എന്റെ ബന്ധം അവസാനിച്ചു. 93ലാണ് രാജാക്കണ്ണ് സംഭവം. അപ്പോള്‍ ഞാന്‍ സി.പി.എം ബന്ധമുള്ള കേസുകളൊന്നും നടത്തിയിരുന്നില്ല. 88ല്‍ എന്നെ സി.പി.എമ്മില്‍ നിന്നും പുറത്താക്കി', ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ഇടതു നേതാക്കള്‍ ഈ കേസില്‍ നീതിക്കായി സജീവമായി ഇടപെടുന്നത് കാണിക്കുന്നത് കൊണ്ടാണ് സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തില്‍ വലിയ സ്വീകാര്യത കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഏതെങ്കിലും പാര്‍ട്ടിയിലേക്ക് കൂടുമാറുമോയെന്ന ചോദ്യത്തിനും ജസ്റ്റിസ് ചന്ദ്രു മറുപടി നല്കി. '20 വര്‍ഷം കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്നാണ് പുറത്താക്കിയത്. അതിന് ശേഷം നിരവധി പാര്ട്ടിക്കാര് വിളിച്ചു. ആം ആദ്മി പാര്‍ട്ടി തമിഴ്നാട് അധ്യക്ഷനാവാണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു. ഇങ്ങിനെ തുടരാനാണ് തീരുമാനം.. ഇനിയൊരിക്കലും ഒരു സംഘടനയിലും പ്രവര്‍ത്തിക്കില്ല',ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.
ജയ്ഭീം സിനിമ കണ്ടതിന് ശേഷം കേരളത്തിലെ രണ്ട് മന്ത്രിമാരും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും വിളിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ 2 ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിനാധാരം. ഒപ്പം തമിഴ്നാട്ടിലെ ദുരൂഹമായ ജാതിവ്യവസ്ഥയുടെയും പാവങ്ങൾ നേരിടുന്ന നീതിനിഷേധത്തിന്റെയും പച്ചയായ യാഥാര്‍ഥ്യവും ജയ് ഭീം വരച്ചു കാട്ടുന്നു.
1995 ല്‍ മോഷണമാരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ ആദിവാസി യുവാവ് രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യ, ലിജി മോള് ജോസ്, കെ. മണികണ്ഠന്, രജിഷ വിജയന്, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.