Entertainment
കഥ കോപ്പിയടിച്ചു, റോയൽറ്റി നൽകിയില്ല; ജയ് ഭീം വീണ്ടും നിയമക്കുരുക്കിൽ
Entertainment

'കഥ കോപ്പിയടിച്ചു, റോയൽറ്റി നൽകിയില്ല'; 'ജയ് ഭീം' വീണ്ടും നിയമക്കുരുക്കിൽ

Web Desk
|
26 Aug 2022 4:44 AM GMT

സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റിനും സംവിധായകൻ ടി.ജെ ജ്ഞാനവേലിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്

ചെന്നൈ: ജീവിതകഥ മോഷ്ടിച്ചെന്നാരോപിച്ച് 'ജയ്ഭീം' സംവിധായകനെതിരെയും നിർമാതാക്കൾക്കെതിരെയും കേസ്. സംവിധായകൻ ടി.ജെ ജ്ഞാനവേലിനും സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റിനുമെതിരെ വി കുളഞ്ഞിയപ്പൻ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ പ്രസക്ത ഭാഗങ്ങൾ കോപ്പിയടിച്ചതാണെന്നും തന്റെ ജീവിതത്തിലെ സംഭവങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി വി കുളഞ്ഞിയപ്പനാണ് പരാതി നൽകിയിരിക്കുന്നത്.

പകർപ്പവകാശ നിയമത്തിലെ സെക്ഷൻ.63 (എ) പ്രകാരം സംവിധായകനും പ്രൊഡക്ഷൻ ഹൗസിനുമെതിരെ ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷൻ (ചെന്നൈ) കേസെടുത്തിട്ടുള്ളതെന്ന് ഡിടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

2019 ലെ സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി ജ്ഞാനവേൽ കുളഞ്ഞിയപ്പനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതകഥയ്ക്ക് റോയൽറ്റിയായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. സിനിമയുടെ ലാഭത്തിൽ ഒരു വിഹിതം നൽകാമെന്ന വാഗ്ദാനവും ലഭിച്ചിരുന്നു. എന്നാൽ, കുളഞ്ഞിയപ്പന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്.

''പകർപ്പവകാശ നിയമമനുസരിച്ച്, നിർമ്മാതാക്കൾ എന്റെ കക്ഷിയിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. എന്റെ ഇടപാടുകാരന്റെ ജീവിതകഥയെ ആസ്പദമാക്കി സിനിമയെടുക്കുന്നതും അവന്റെ അനുവാദമില്ലാതെ പണം സമ്പാദിക്കുന്നതും ക്രിമിനൽ കുറ്റമാണെന്ന് കുളഞ്ഞിയപ്പന്റെ അഭിഭാഷകൻ തന്തി ടിവിയോട് പറഞ്ഞു.

അടുത്തിടെയാണ് വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. സൂര്യ, ജ്യോതിക, ടിജെ ജ്ഞാനവേൽ എന്നിവർക്കെതിരാണ് കേസെടുത്തിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് വന്ന് രണ്ടാഴ്ചയ്ക്കകം മറ്റൊരു നിയമപ്രശ്‌നമാണ് സിനിമാ പ്രവർത്തകർ നേരിടുന്നത്.കഴിഞ്ഞ വർഷം നവംബറിലാണ് ജയ് ഭീം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള വിഭാ​ഗത്തിൽപ്പെട്ട യുവാവിന്റെ കസ്റ്റഡി മരണവും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടവുമായിരുന്നു സിനിമയ്ക്കാധാരം. സൂര്യയ്ക്ക് പുറമെ ലിജിമോള്‍,മണികണ്ഠന്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയിരുന്നത്.

Similar Posts