Entertainment
If I chant Jai Shri Ram, dont label me as Sanghi; Hindus will join BJP if you criticize Hinduism: Says actor Ramesh Pisharody, Suresh Gopi

രമേഷ് പിഷാരടി

Entertainment

ജയ് ശ്രീറാം എന്നു വിളിച്ചാൽ സംഘിയെന്ന് ചാപ്പയടിക്കരുത്; ഹിന്ദുമതത്തെ വിമര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ ബി.ജെ.പിയാകും-രമേഷ് പിഷാരടി

Web Desk
|
11 Jun 2024 8:40 AM GMT

''ഇസ്‌ലാം മതവിശ്വാസികൾക്ക് എല്ലാ മുസ്‌ലിം വിശ്വാസികളും തീവ്രവാദികളല്ല എന്നു പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ഇസ്‌ലാം എന്നു പറഞ്ഞാൽ അപ്പോൾ തന്നെ ഇതു പറയും. എന്തുകൊണ്ടാണ് പല ഹിന്ദുക്കൾക്കും എല്ലാ ഹിന്ദുക്കളും സംഘികളല്ല എന്നു പറയേണ്ടിവരുന്നത്?''

കോഴിക്കോട്: ബി.ജെ.പി ഹിന്ദുത്വ അജണ്ടകളുള്ള പാർട്ടിയാണെങ്കിലും അതിൽ പ്രവർത്തിക്കുന്നവരെല്ലാം അതേ ആശയക്കാരാകണമെന്നില്ലെന്ന് നടൻ രമേശ് പിഷാരടി. മലയാളികളെല്ലാം അംഗീകരിക്കുന്നതു കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല, വ്യക്തിത്വം നോക്കിയാണ് ആളുകൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം വിളിച്ചാല്‍ സംഘിയെന്ന് ചാപ്പയടിക്കരുത്. ബി.ജെ.പിയെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിനു പകരം ഹിന്ദുമത്തെ വിമര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ അവര്‍ക്കൊപ്പം ചേരുമെന്നും പിഷാരടി പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് പിഷാരടിയുടെ അഭിപ്രായപ്രകടനം. ഹിന്ദുത്വ അജണ്ടകളുള്ള പാർട്ടിയാണ് ബി.ജെ.പി. എന്നാൽ, നിയമാനുസൃതമായ രീതിയിലാണ് തൃശൂരിൽ വോട്ടെടുപ്പ് നടന്നത്. മലയാളികളെല്ലാം അംഗീകരിക്കുന്നതു കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. അദ്ദേഹത്തിന്റെ വിജയത്തെ സാമാന്യവൽക്കരിക്കുന്നതിൽ പ്രശ്‌നമുണ്ട്. രാഷ്ട്രീയം നോക്കിയല്ല, വ്യക്തിത്വം കണ്ടാണ് പിന്തുണച്ചതെന്ന് സുരേഷ് ഗോപിക്ക് വോട്ട് ചെയ്തതെന്നു പലരും പറയുന്നുണ്ട്. ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി നോക്കേണ്ടതുണ്ടെന്നു ചിലർ പറയാറുണ്ട്. അങ്ങനെ പറയുന്നത് പ്രശ്‌നകരമാണെന്നും പിഷാരടി പറഞ്ഞു.

''ഇസ്‌ലാം മതവിശ്വാസികൾക്ക് എല്ലാ മുസ്‌ലിം വിശ്വാസികളും തീവ്രവാദികളല്ല എന്നു പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ഇസ്‌ലാം എന്നു പറഞ്ഞാൽ അപ്പോൾ തന്നെ ഇതു പറയും. എന്തുകൊണ്ടാണ് പല ഹിന്ദുക്കൾക്കും എല്ലാ ഹിന്ദുക്കളും സംഘികളല്ല എന്നു പറയേണ്ടിവരുന്നത്? ഇതെല്ലാം സാമാന്യവൽക്കരിക്കപ്പെടുന്നതുകൊണ്ടാണ്. ഒരാൾ ബി.ജെ.പിയിൽ ആതുകൊണ്ടോ ഇസ്‌ലാമിൽ ആയതു കൊണ്ടോ ഹിന്ദു മതത്തിൽ ആയതുകൊണ്ടോ കോൺഗ്രസിലോ കമ്മ്യൂണിസ്റ്റിലോ ആയതുകൊണ്ടൊന്നും അയാളുടെ സ്വഭാവത്തെ അതു കാര്യമായി നിർണയിക്കുന്നില്ല. എല്ലാ പാർട്ടിയിലും എല്ലാ മതത്തിലും എല്ലാ ജാതിയിലും നല്ലവനും ചീത്തവനുമുണ്ട്. ഇവിടെ കൊലപാതകം ചെയ്തവരും ജയിലിൽ കിടക്കുന്നവരുമെല്ലാം അമ്പലത്തിൽ പോയവരും വിശ്വാസികളും എല്ലാമാണ്. ഇത് എല്ലാ പാർട്ടിയിലുമുണ്ട്. അതുകൊണ്ട് അതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല.

വോട്ട് ചെയ്യുമ്പോൾ സ്ഥാനാർഥിയുടെ നേതൃപാടവവും മുൻ നിലപാടുകളും പ്രസ്താവനകളുമെല്ലാം വിലയിരുത്തി നാടിനും സമൂഹത്തിനും ഗുണകരമാകുമോ, അതോ അയാളുടെ പാർട്ടിക്കു മാത്രമേ ഗുണകരമാകൂ എന്നു നോക്കണം. നമ്മൾ പലപ്പോഴും പാർട്ടി അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. പാർട്ടി ആശയങ്ങൾ കൂടി കണക്കാക്കിയാകും അത്. എല്ലാ പാർട്ടിയിലും നല്ലവരും ചീത്തവരുമുണ്ട്. നല്ലയാൾ എവിടെയായാലും നല്ല കാര്യങ്ങളും നന്മകളുമെല്ലാം ചെയ്യും. മോശം സ്വഭാവമുള്ള, മോശം ഗുണങ്ങളുള്ളയാൾക്ക് എവിടെനിന്നാലും അത്രയൊക്കെയേ ചെയ്യാനാകൂ.''

നേതാക്കളുടെ ആശയധാരയും നോക്കണമെങ്കിലും പാർട്ടികൾ പറയുന്ന എല്ലാ ആശയവവും എല്ലാവരും പിന്തുടരുന്നില്ലെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരൻ വിശ്വാസിയാകുന്നത്. രാജഭരണമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളായ കമ്മ്യൂണിസ്റ്റുകൾ എങ്ങനെയാണ് നമ്മുടെ നാട്ടിൽ കമ്മ്യൂണിസം വരണമെന്ന് പറയുന്നത്? ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നവരെല്ലാം അതിന്റെ ആശയധാരയുമായി നൂറുശതമാനം യോജിക്കണമെന്ന് നിർബന്ധമില്ല. ബി.ജെ.പിക്ക് മാത്രമല്ല, കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനുമെല്ലാം ഇത് ബാധകമാണ്. അതിന്റെ എല്ലാ ആശയങ്ങളും വ്യക്തികൾ ഉപയോഗിക്കുന്നില്ല. വേണ്ടത് എടുത്താൽ മതി. മതത്തിൽ നിൽക്കുന്ന എല്ലാവരും അതിൽനിന്നു വേണ്ടതു മാത്രമേ എടുക്കുന്നുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.ജെ.പിക്കോ അനുബന്ധ പാർട്ടികൾക്കോ 100 വയസ് പ്രായമുണ്ടാകും. വേണമെങ്കിൽ 150 വർഷം വയ്ക്കാം. എന്നാൽ, ഹിന്ദു മതത്തിന് 5,000 വർഷത്തോളം പഴക്കമുണ്ട്. ഇത്രയും പഴക്കമുള്ള, ഇന്ത്യയിൽ നൂറുകോടിക്കടുത്ത് ആളുകൾ പിന്തുടരുന്ന മതമാണത്. ബി.ജെ.പി നൂറു വർഷം പഴക്കമുള്ള, ഹിന്ദുത്വ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമാണ്. ബി.ജെ.പിയെ വിമർശിക്കാം, വിമർശിക്കണം. പക്ഷേ, അവരെ വിമർശിക്കുമ്പോൾ അതു കൃത്യമായും രാഷ്ട്രീയമാകണം. അതു ഹിന്ദു വിമർശനമായാൽ നിഷ്പക്ഷ ഹിന്ദുക്കൾ ബി.ജെ.പിയാകും. സാങ്കേതികമായി ഇവിടെയുണ്ടാകുന്ന ഒരു പ്രശ്‌നമാണതെന്നും പിഷാരടി ചൂണ്ടിക്കാട്ടി.

ബി.ജെ.പിയെ പോലെ എസ്.ഡി.പി.ഐയെയോ ലീഗിനെയോ വിമർശിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപരമായാകണം. മതപരമായി വിമർശിച്ചാൽ നിഷ്പക്ഷ മുസ്‌ലിംകൾ കൂടുതലായി അങ്ങോട്ടുപോകും. ജയ് ശ്രീറാം എന്ന് ഹനുമാൻ ആണ് ആദ്യം വിളിച്ചത്. ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാൽ നീ ബി.ജെ.പിക്കാരനാണല്ലേ, സംഘിയാണല്ലേ എന്നു പറയും. രക്ഷാബന്ധൻ എത്ര കൊല്ലമായിട്ടുള്ള ചടങ്ങാണ്. രക്ഷാബന്ധന് ഒരു സഹോദരി സഹോദരന് രാഖി കെട്ടിക്കൊടുത്താൽ ഉടനെ അവനെ ചാപ്പയടിക്കരുത്. സാമാന്യവൽക്കരണം ഇവിടെ വലിയ രീതിയിലുണ്ടെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.

Summary: If I chant Jai Shri Ram, don't label me as Sanghi; Hindus will join BJP if you criticize Hinduism: Says actor Ramesh Pisharody

Similar Posts