Entertainment
കണക്കുകൂട്ടലുകൾ ഭേദിച്ച് ജയിലർ; കേരളത്തിലും വമ്പൻ കലക്ഷൻ
Entertainment

കണക്കുകൂട്ടലുകൾ ഭേദിച്ച് ജയിലർ; കേരളത്തിലും വമ്പൻ കലക്ഷൻ

Web Desk
|
12 Aug 2023 11:01 AM GMT

ആദ്യവാരാന്ത്യത്തിന് മുൻപ് തന്നെ 100 കോടി ക്ലബ്ബും കഴിഞ്ഞ് ജയിലർ മുന്നേറും എന്നാണ് വിലയിരുത്തലുകൾ.

കലക്ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലർ. ആഗസ്റ്റ് 10ന് റിലീസ് ചെയ്ത സിനിമ ആഗോള തലത്തിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിന്റെ ആദ്യ ദിനത്തെ കലക്ഷൻ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ ജയിലർ രണ്ട് ദിവസംകൊണ്ട് നേടിയ കലക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് റെക്കോർഡ് കലക്ഷനാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നെല്ലാം ചിത്രത്തിന് ലഭിച്ചത്.

ട്രേഡ് അനലിസ്റ്റ് മനോബാലയുടെ ട്വീറ്റ് പ്രകാരം തമിഴ്നാട്ടിൽ നിന്ന് 29.46 കോടി രൂപയാണ് ആദ്യദിനം ചിത്രം നേടിയത്. രണ്ടാം ദിനം നേടിയത് 20.25 കോടിയാണ്. രണ്ട് ദിവസത്തിനകം തമിഴ്നാട്ടിൽ നിന്ന് 49.71 കോടി നേടിക്കഴിഞ്ഞു. അതേസമയം, കേരളത്തിൽ നിന്ന് ആദ്യ ദിവസം 5.5 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ വിജയ്ക്കും കമൽഹാസനും ശേഷം കേരളത്തിൽ നിന്ന് ആദ്യ ദിനം അഞ്ച് കോടിക്കുമേലെ കലക്ഷൻ സ്വന്തമാക്കുന്ന നടനെന്ന റെക്കോർഡും രജനീകാന്ത് സ്വന്തമാക്കി. രണ്ടാം ദിവസവും കേരളത്തിൽ നിന്ന് വൻ കലക്ഷനാണ് ലഭിച്ചത്.

ചിത്രം രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 135 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. ഇങ്ങനെ മുന്നോട്ടുപോയാൽ ആദ്യവാരാന്ത്യത്തിന് മുൻപ് തന്നെ 100 കോടി ക്ലബ്ബും കഴിഞ്ഞ് ജയിലർ മുന്നേറും എന്നാണ് വിലയിരുത്തലുകൾ.

രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രജനീകാന്ത് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ പത്ത് മിനിറ്റ് കാമിയോ റോളിൽ വന്ന് പോകുന്ന ശിവരാജ്കുമാറിന്റെയും മോഹൻലാലിന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായമാണ് ഉയരുന്നത്. വില്ലനായെത്തിയ വിനായകനും കയ്യടി നേടി. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിനായി സംഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. കേരളത്തില്‍ ഗോകുലം മൂവീസാണ് 300ലധികം തിയറ്ററുകളിൽ വിതരണത്തിനെത്തിച്ചത്.

Similar Posts