ജല്ലിക്കട്ട് മൊഴി മാറ്റി കന്നഡയിലേക്ക്; ശ്രദ്ധ നേടി ട്രെയ്‌ലര്‍
|'ഭക്ഷകരു' എന്നാണ് കന്നഡ പതിപ്പിന്‍റെ പേര്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക
പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം ഭാഷയുടേയും ദേശത്തിന്‍റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയിരുന്നു. ഓസ്‌കര്‍ നോമിനേഷേന്‍ നേടിയ ചിത്രം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും മികച്ച പ്രശംസകളും പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ കന്നഡയിലേയ്ക്ക് മൊഴിമാറ്റം വരുത്തിയ ജല്ലിക്കട്ട് പതിപ്പിന്‍റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുകയാണ്. 'ഭക്ഷകരു' എന്നാണ് കന്നഡ പതിപ്പിന്‍റെ പേര്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തില്‍ ആന്‍റണി വര്‍ഗീസ് ആണ് നായകനായെത്തിയത്. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും അറക്കുവാന്‍ കൊണ്ടുവന്ന പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്.
എസ് ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാറും തിരക്കഥയെഴുതിയ ജല്ലിക്കട്ടില്‍ ചെമ്പന്‍ വിനോദ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.