ആരാധകരെ വിസ്മയിപ്പിക്കാൻ അവതാർ വീണ്ടുമെത്തുന്നു
|റീ-റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ പുതുക്കിയ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
ഇതിഹാസ സിനിമ 'അവതാർ' വീണ്ടും തീയറ്ററുകളിലേക്ക്. അവതാർ രണ്ടാം ഭാഗമായ 'അവതാർ; ദി വേ ഓഫ് വാട്ടർ' എന്ന സിനിമ റിലീസാവുന്നതിനു മുന്നോടിയായാണ് അവതാർ വീണ്ടും തീയറ്ററുകളിലെത്തുക. ചിത്രത്തിന്റെ 4കെ എച്ച്ഡിആർ ത്രീഡി വേർഷൻ സെപ്തംബർ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും.
റീ-റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ പുതുക്കിയ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു. അവതാർ ആദ്യ ഭാഗത്തിൽ അഭിനയിച്ച സാം വേർതിംഗ്ടണും സോ സൽഡാനയുമൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഇവരെക്കൂടാതെ കേറ്റ് വിൻസ്ലറ്റ്, വിൻ ഡീസൽ എന്നിവരും ചിത്രത്തിൽ വേഷമിടും. ഈ വർഷം ഡിസംബർ 16നാണ് അവതാർ; ദി വേ ഓഫ് വാട്ടർ റിലീസാവുക.
ആദ്യഭാഗത്തിൽ മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നായിരുന്നു സൂചന. 2009 ഡിസംബർ 19 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2012 ലാണ് ചിത്രത്തിന് തുടർ ഭാഗം ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ അറിയിച്ചത്. ആദ്യം രണ്ടും മൂന്നും ഭാഗങ്ങളാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കഥ വികസിച്ച് വന്നപ്പോൾ നാലും അഞ്ചും ഭാഗങ്ങളും സീരീസിന്റെ ഭാഗമായി. ഇവയുടെ റിലീസ് തിയതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വന്നതോട് കൂടി റിലീസ് തിയതികളിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.