ജനത മോഷന്‍ പിക്ചേഴ്സിന് തുടക്കം; ആറ് ചിത്രങ്ങളുടെ പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തി
|ഭദ്രന്‍, ടിനു പാപ്പച്ചന്‍, തരുണ്‍ മൂര്‍ത്തി, രതീഷ് കെ. രാജന്‍ എന്നിവര്‍ പ്രഖ്യാപിച്ചതില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്യും
പ്രശസ്ത തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും വ്യവസായ പ്രമുഖന്‍ ഉണ്ണി രവീന്ദ്രനും നേതൃത്വം നല്‍കുന്ന പുതിയ ചലച്ചിത്ര നിര്‍മാണ സംരംഭമായ ജനത മോഷന്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ആറ് ചിത്രങ്ങളുടെ പ്രഖ്യാപനം ഇന്ന് നടന്നു. കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ നടന്‍ മോഹൻലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബാനർ പ്രകാശനം നടത്തിയ മോഹൻലാൽ ജനത മോഷന്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ആറു ചിത്രങ്ങളുടെ പ്രഖ്യാപനവും വേദിയിൽ വെച്ചു നടത്തി.
മോഹന്‍ലാല്‍ പ്രഖ്യാപിച്ച ആദ്യ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ്. 'മനോഹരനും ജാനകിയും' എന്ന് പേരിട്ട ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ളതാണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരില്‍ കൂടുതലും പുതുമുഖങ്ങളാണ്. 'ആരിബഡ' എന്ന രണ്ടാമത്തെ ചിത്രത്തില്‍ ഷെയിന്‍ നിഗം നായകനാകും. നവാഗതനായ രതീഷ്.കെ.രാജന്‍ മൂന്നാമത് ചിത്രമായ 'സ്റ്റാർട്ട് ആക്ഷൻ സാവിത്രി' സംവിധാനം ചെയ്യും. നവ്യാനായരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാലാമത്തെ ചിത്രം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യും. ഓപ്പറേഷന്‍ ജാവക്കും, സൗദി വെള്ളക്കയ്ക്കും ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമിത്. ടിനു പാപ്പച്ചനാണ് അഞ്ചാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. അജഗജാന്തരം ആണ് ടിനുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. പ്രശസ്ത സംവിധായകനായ ഭദ്രനാണ് ആറാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്.
പുതിയ ചിത്രങ്ങളുടെ അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും തിരക്കഥകൾ പൂർത്തിയാകുന്ന മുറക്ക് പ്രഖ്യാപിക്കുമെന്ന് സുരേഷ് ബാബു പറഞ്ഞു. സുരേഷ് ബാബുവിന്‍റെ നാടായ വള്ളംകുളത്തെ പ്രശസ്ത കൊട്ടക ജനതയുടെ പേരാണ് ആദ്യ നിര്‍മാണ സംരംഭത്തിന് നല്‍കിയിരിക്കുന്നത്.വിനയന്‍ സംവിധാനം ചെയ്ത 'ദാദാസാഹിബ്' എന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ എഴുതിയാണ് എസ്.സുരേഷ് ബാബു വെള്ളിത്തിരയില്‍ എത്തുന്നത്. നിരവധി ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച സുരേഷ് ബാബു മോഹന്‍ലാലിന്‍റെ 'ശിക്കാര്‍', 'കനല്‍' എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. നവ്യാ നായര്‍ തിരിച്ചുവരവ് നടത്തിയ 'ഒരുത്തീ' ആണ് സുരേഷ് ബാബു തിരക്കഥ എഴുതിയ അവസാന ചിത്രം. വി.കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സൗബിന്‍ ഷാഹിര്‍-മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ലൈവ്' ആണ് സുരേഷ് ബാബു രചന നിര്‍വ്വഹിച്ച് ചിത്രീകരണം പൂര്‍ത്തിയായ പുതിയ ചിത്രം.
ഭദ്രൻ, ബ്ലെസ്സി, ബി.ഉണ്ണികൃഷ്ണൻ, എം.പന്മകുമാർ, എബ്രിഡ് ഷൈൻ, തരുൺ മൂർത്തി, അരുൺ ഗോപി, രതീഷ്.കെ.രാജൻ തുടങ്ങിയ സംവിധായകർ പരിപാടിയില്‍ ആശംസകൾ നേർന്നു സംസാരിച്ചു. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.