തലൈവരേ.. നീങ്കളാ... കാവാലയ്ക്ക് ചുവടുവെച്ച് ജപ്പാൻ അംബാസഡർ, വൈറൽ വീഡിയോ
|ജപ്പാൻ അംബാസഡർ ഹിരോഷി സുസുക്കി തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച ഒരു വീഡിയോ മിനിറ്റുകൾക്കുള്ളിലാണ് വൈറലായത്.
ജയിലറിലെ വൈറൽ സോങ്ങായ 'കാവാല' തമന്നക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തുകഴിഞ്ഞു. എന്നാൽ, കാവാലയയിലൂടെ തീർത്ത തലൈവർ ഓളം കടലും കടന്നു അങ്ങ് ജപ്പാനിൽ വരെ എത്തിയിരിക്കുകയാണ്. ജപ്പാൻ അംബാസഡർ ഹിരോഷി സുസുക്കി തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച ഒരു വീഡിയോ മിനിറ്റുകൾക്കുള്ളിലാണ് വൈറലായത്.
ജാപ്പനീസ് യൂട്യൂബർ മയോ സനുമായി 'കാവാല' പാട്ടിന് ചുവടുവെക്കുകയാണ് ഹിരോഷി സുസുക്കി. ഡാൻസിനിടെ രജനികാന്തിന്റെ സ്റ്റൈൽ അനുകരിച്ച് കൂളിംഗ് ഗ്ലാസ് വെക്കുന്ന ഹിരോഷി സോഷ്യൽ മീഡിയയുടെ കയ്യടി നേടി. 'രജനികാന്തിനോടുള്ള തന്റെ സ്നേഹം തുടരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഹിരോഷി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോ നിരവധി പേർ ഇതിനോടകം ഷെയർ ചെയ്തുകഴിഞ്ഞു.
തിയേറ്ററില് തകർത്തോടുന്ന രജനീകാന്ത് ചിത്രം ജയിലർ നൂറു കോടി ക്ലബിൽ. മൂന്നു ദിവസം കൊണ്ട് 109 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയതെന്ന് കളക്ഷൻ ഡാറ്റ വെബ്സൈറ്റായ sacnilk.com റിപ്പോർട്ടു ചെയ്യുന്നു. ശനിയാഴ്ച മാത്രം 35 കോടി രൂപയാണ് ചിത്രം നേടിയത്.
തിയേറ്ററുകൾ പൂരപ്പറമ്പാക്കി മുമ്പോട്ടുപോകുകയാണ് സ്റ്റൈൻ മന്നന്റെ ജയിലർ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ രജനി ചിത്രം ആരാധകർ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാൽ ആദ്യമായി രജനിക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ട്രയിലറിലൊന്നും പറയാതെ സസ്പെൻസ് നിറച്ചാണ് നെൽസൺ മോഹൻലാലിനെ ചിത്രത്തിന്റെ ഭാഗമാക്കിയത്.
രജനിയുടെ 169-ാമത്തെ ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി ചിത്രത്തിലെത്തുന്നത്. രമ്യ കൃഷ്ണനാണ് പാണ്ഡ്യന്റെ ഭാര്യയായി വേഷമിടുന്നത്. വിനായകനാണ് വില്ലൻ. പ്രതിനായക വേഷം വിനായകൻ ഗംഭീരമാക്കി എന്നാണ് തിയേറ്ററുകളിൽനിന്നുള്ള റിപ്പോർട്ട്. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.