അവര്‍ ജിമ്മില്‍ കഷ്ടപ്പെടുമ്പോള്‍ മണിരത്നം എനിക്കു മാത്രം നിറയെ ഭക്ഷണം തരുമായിരുന്നു; പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിംഗ് വിശേഷങ്ങള്‍ പങ്കുവച്ച് ജയറാം
|രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം സെപ്തംബര്‍ 30നാണ് തിയറ്ററുകളിലെത്തുന്നത്
ലോകമെമ്പാടുമുള്ള മണിരത്നം ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം സെപ്തംബര്‍ 30നാണ് തിയറ്ററുകളിലെത്തുന്നത്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ മലയാളി താരം ജയറാമും അഭിനയിക്കാനുണ്ട്. ആൾവാർക്ക് അടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.
ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ തനിക്ക് മാത്രം മണിരത്‌നം കുറേ ഭക്ഷണം വാങ്ങിത്തരുമായിരുന്നു എന്നാണ് ജയറാം പറയുന്നത്. തന്‍റെ കഥാപാത്രത്തിന് കുടവയര്‍ ആവശ്യമായതിനാലാണ് മറ്റുള്ളവര്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തനിക്കു മാത്രം ഭക്ഷണം ലഭിച്ചിരുന്നതെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. പൊന്നിയിന്‍ സെല്‍വത്തിലെ ആദ്യ ഗാനത്തിനെ ലോഞ്ചിങ്ങിനിടെയാണ് താരം മനസു തുറന്നത്.
തായ്‌ലന്‍ഡില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുമ്പോള്‍, രാവിലെ 3.30 നാണ് എന്റെ ഷൂട്ടിങ് ആരംഭിക്കുക. ആറു മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അരുണ്‍മൊഴി വര്‍മനും (ജയം രവി) വന്തിയ തേവനും (കാര്‍ത്തി) ജിമ്മില്‍ പാടുപെടുകയായിരിക്കും. കഠിനമായ വര്‍ക്കൗട്ട്. 18 മണിക്കൂര്‍ നേരം ജോലി ചെയ്തിട്ടുണ്ടാകും. എന്നിട്ടും രാത്രി പത്ത് മണിവരെ അവര്‍ വര്‍ക്കൗട്ട് ചെയ്യുന്ന ശബ്ദം എനിക്ക് കേള്‍ക്കാനാവും. സിനിമയ്ക്കു വേണ്ടി അവര്‍ രണ്ടുപേരും വളരെ അധികം കഷ്ടപ്പെട്ടു. എനിക്കു മാത്രം കഴിക്കാനായി ഒരുപാട് ഭക്ഷണം തരുമായിരുന്നു. എനിക്ക് കുടവയര്‍ വേണമായിരുന്നു. അവര്‍ക്കാണെങ്കില്‍ ഒട്ടും വയറുണ്ടാകാന്‍ പാടില്ല.- ജയറാം പറഞ്ഞു.
എല്ലാ തമിഴരുടെ മനസിലുമുള്ള കഥയാണ് പൊന്നിയിന്‍ സെല്‍വനെന്നും അതിനാല്‍ ഇത്ര പ്രതീക്ഷയയോടെ ഒരു സിനിമ റിലീസ് ചെയ്യുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്നും ജയറാം പറഞ്ഞു. ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ജയറാമിനെക്കൂടാതെ ഐശ്വര്യ ലക്ഷ്മി, റഹ്മാന്‍,ലാല്‍,റിയാസ് ഖാന്‍,ബാബു ആന്‍റണി തുടങ്ങിയ മലയാളികളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.