മനഃപൂർവമായ ആക്രമണം നേരിടുന്നത് ഇതാദ്യമല്ല; നേര് കണ്ടശേഷം സത്യമെന്തെന്ന് അറിയൂവെന്ന് ജീത്തു ജോസഫ്
|നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലർ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ
തന്‍റെ പുതിയ ചിത്രമായ 'നേര്'മായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ജീത്തു ജോസഫ്. മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉത്സാഹത്തോടെയുമാണ് 'നേര്' എന്ന ചിത്രം ഒരുക്കിയതെന്ന് ജീത്തു ഫേസ്ബുക്കില്‍ കുറിച്ചു. മനഃപൂര്‍വമായ ആക്രമണം നേരിടുന്നത് ഇതാദ്യമായിട്ടല്ലെന്ന് സംവിധായകന്‍ സിനിമാപ്രേമികളുടെ ഗ്രൂപ്പായ സിനിഫൈലിന്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
'നേര്' നിങ്ങളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ഞാൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉത്സാഹത്തോടെയുമാണ് 'നേര്' എന്ന ചിത്രം ഒരുക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ, അതും എന്‍റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയിൽ ഒരു വിവാദം സൃഷ്ടിക്കപ്പെട്ടു. 'നേര്' എന്ന സിനിമയുടെ കഥക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാളാൾ രംഗത്തെത്തുകയും അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാളെ ' നേര് ' തിയറ്ററുകളിൽ നിന്നു കണ്ട ശേഷം നിങ്ങൾ പ്രേക്ഷകർ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളത്.!!
ജീത്തു ജോസഫ്
ജീത്തുവിന്‍റെ കുറിപ്പ്
ഹായ് സിനീഫൈൽ,നാളെ നേര് റിലീസാണ്.
ഇതുവരെ കൂടെ നിന്നത് പോലെ തന്നെ മുന്നോട്ടും സപ്പോർട്ട് ഉണ്ടാവുമല്ലോ. പിന്നേ, നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലർ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. പല ഓൺലൈൻ ചാനലുകളും കേസിന് പോയ ആളുടെ കഥ പബ്ലിഷ് ചെയ്തിട്ടുണ്ട്. (ഹൈദരാലിയുടെ അടക്കം). നിങ്ങളത് കേട്ടിട്ട് നേര് സിനിമ കണ്ട് വിലയിരുത്തൂ. ഇത്തരം ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്..
അത് മാത്രമേ എനിക്ക് പറയാൻ ഉള്ളൂ.. മനഃപൂർവമായ ആക്രമണം ഞാൻ നേരിടുന്നത് ഇത് ആദ്യമായി അല്ല. എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്.. പ്രേക്ഷകർ ഞാൻ നൽകുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ചിത്രം തന്നെയാവും നേര്.
നേരിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് എഴുത്തുകാരനായ ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാൽ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തു.കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വിജയമോഹന്‍ അഭിഭാഷകനെയാണ് അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയാ മണി, ജഗദീഷ്, അനശ്വര രാജന്‍,സിദ്ദിഖ്. ഗണേഷ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.