'അപകടത്തില്‍ തകർന്നത് മുപ്പതിലധികം എല്ലുകൾ, ശക്തനായി തിരിച്ചുവരും'; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടൻ ജെറമി റെന്നർ
|ഏകദേശം 6.5 ടൺ ഭാരമുള്ള മഞ്ഞ് നീക്കുന്ന യന്ത്രം നടന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു
ലോസ് ഏഞ്ചൽസ്: പുതുവത്സര ദിനത്തിൽ മഞ്ഞ് നീക്കുന്ന യന്ത്രം ശരീരത്തിലൂടെ കയറി ഹോളിവുഡ് താരം ജെറമി റെന്നർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകട നില തരണം ചെയ്ത് ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരിയാണ് താരമിപ്പോൾ. ഏകദേശം രണ്ടാഴ്ചയിലധികമുള്ള ആശുപത്രിവാസത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലാണ് നടനിപ്പോൾ. ഇപ്പോഴിതാ ആരാധകരുടെ സ്‌നേഹത്തിനും സുഖാന്വേഷണത്തിനും ഇൻസ്റ്റഗ്രമിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് ജെറമി റെന്നർ. തന്റെ മുപ്പതിലധികം അസ്ഥികളാണ് അപകടത്തിൽ തകർന്നതെന്നും താരം പറഞ്ഞു.
'കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള സ്‌നേഹവും ബന്ധം പോലെ ഈ മുപ്പതിലധികം ഒടിഞ്ഞ അസ്ഥികൾ നന്നാക്കുകയും ശക്തമാവുകയും ചെയ്യും,' അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരാധകരുടെ പിന്തുണാ സന്ദേശങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഫിസിയോ തെറാപ്പി ചെയ്യുന്ന ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്.നേരത്തെ പരിക്കേറ്റ മുഖത്തിന്റെ സെൽഫിയും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
താരം താമസിച്ചിരുന്ന പ്രദേശത്ത്പുതുവത്സര തലേന്ന് കനത്ത മഞ്ഞു വീഴ്ചയായിരുന്നു. മഞ്ഞുനീക്കുന്നതിനിടെ സ്‌നോ പൗ എന്ന ഉപകരണം റെന്നറിന്റെ ദേഹത്തേക്ക് കയറിപ്പോകുകയായിരുന്നു. ഏകദേശം 6.5 ടൺ ഭാരമുള്ള യന്ത്രമായിരുന്നു ഇത്. അപകടം പറ്റിയ ഉടൻ റെന്നറുടെ അയൽവാസിയും ഡോക്റടുമായ ഒരാളാണ് പ്രഥമശുശ്രൂഷ നൽകിയത്. ഉടൻ തന്നെ നടനെ ആകാശ മാർഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു.വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് താരം താമസിക്കുന്നത്.
അവഞ്ചേഴ്സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറെമി റെന്നെർ. ദ് ടൗൺ', 'മിഷൻ ഇംപോസിബിൾ', 'അമേരിക്കൻ ഹസിൽ', '28 വീക്ക്‌സ് ലേറ്റർ' തുടങ്ങിയവയാണ് റെന്നെറുടെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. 2021ൽ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ൻ എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. രണ്ടുതവണ ഓസ്‌കാർ നോമിനേഷനും നേടിയിട്ടുണ്ട്. 'ദ ഹട്ട് ലോക്കർ', 'ദ ടൗൺ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഓസ്‌കാർ നോമിനേറ്റ് ചെയ്തത്.